തിരുവനന്തപുരം: മെഡിക്കല്‍ പിജി കോഴ്സുകള്‍ക്കുള്ള കംബൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് ഫോര്‍ അഡ്മിഷന്‍ ടു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇമ്പോര്‍ട്ടന്‍സി (INICET)ന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ പ്രധാനപ്പെട്ട മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലാണ് പ്രവേശനം. എംഡി (ഡോക്ടര്‍ ഓഫ് മെഡിസിന്‍)– 3 വര്‍ഷം, എംഎസ് (മാസ്റ്റര്‍ ഓഫ് സര്‍ജറി)– 3 വര്‍ഷം, എംസിഎച്ച്– 6 വര്‍ഷം, ഡി എം (ഡോക്ടര്‍ ഓഫ് മെഡിസിന്‍) – 6 വര്‍ഷം, എംഡിഎസ് (മാസ്റ്റര്‍ ഓഫ് ഡെന്റല്‍ സര്‍ജറി )– 3 വര്‍ഷം, എംഡി (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍)– 3 വര്‍ഷം എന്നിവയിൽ പ്രവേശനം നേടാം. നാഷണല്‍ മെഡിക്കല്‍ കമീഷന്‍ അല്ലെങ്കില്‍ മെഡിക്കല്‍ കൗൺസില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയിവര്‍ക്ക് എം ഡി, എം എസ്, എം സിഎച്ച്, ഡി എം, എം ഡി (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഡെന്റല്‍ കൗൺസില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സര്‍വകലാശാലയില്‍നിന്നുള്ള ബി ഡി എസ് ബിരുദം നേടിയിവര്‍ക്ക് എം ഡി എസ് കോഴ്സിന് അപേക്ഷിക്കാം. എം.ഡി. (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍) അപേക്ഷിക്കുന്നവര്‍ക്ക് മുന്ന് വര്‍ഷത്തെ അഡ്മിനിസ്ട്രേഷനില്‍ അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തെ പ്രാക്ടീസ് ഉണ്ടായിരിക്കണം.
എം ബി ബി എസ് / ബി ഡി എസ് കോഴ്സിന് ആകെ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍നിന്നും ലഭിക്കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിരിക്കണം. അപേക്ഷകന്‍ നാഷണല്‍ മെഡിക്കല്‍ കമീഷന്‍ / ഡെന്റല്‍ കമീഷന്‍ അല്ലെങ്കില്‍ ഏതെങ്കിലും സംസ്ഥാന കമീഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ്‌സിടിഐഎംഎസ്ടി ), ന്യൂ ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ 19 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്), ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) പുതുച്ചേരി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) ബംഗളുരു, പോസ്റ്റ്‌ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിഐഎംഇആര്‍ ) ചണ്ഡിഗഡ് എന്നിവയാണ് സ്ഥാപനങ്ങൾ.
അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം ഫീസും ഓണ്‍ലൈനായി അടയ്‌ക്കണം. എസ് സി/ എസ് ടി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 3200 രൂപയും മറ്റുള്ളവര്‍ക്ക് 4000 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ ഒക്‌ടോബർ 21ന് വൈകിട്ട് 5നകം സമര്‍പ്പിക്കണം.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 200 മാര്‍ക്കിന്റെ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുള്ള കംപ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷയാണ്. ഉത്തരം തെറ്റായാല്‍ 1/3 മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്. പ്രവേശനത്തിന് പേര്‍സന്റയില്‍ സ്കോറാണ് പരിഗണിക്കുക. എസ് സി / എസ് ടി, ഒ ബി സി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 പേര്‍സന്റയില്‍ സ്കോറും മറ്റ് വിഭാഗക്കാര്‍ക്ക് 50 പേര്‍സന്റയില്‍ സ്കോറും മിനിമം വേണം. കൂടുതൽ വിവരങ്ങൾക്ക് http://aiimsexams.ac.in സന്ദർശിക്കുക.