തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ വിവിധ ഭാഗങ്ങളിലെ ഇൻഫർമേഷൻ സെൻ്ററുകൾ അടച്ചുപൂട്ടി.
ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തിലും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ നിര്‍ദേശം കണക്കിലെടുത്തുമാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതെന്ന് സർവകലാശാല അറിയിച്ചു. ശക്തമായ ബദല്‍ സംവിധാനം നിലവിലുള്ളതിനാല്‍ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടിയത് വിദ്യാര്‍ഥികളെ ഒരുതരത്തിലും ബാധിക്കുകയില്ലെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളിലെ ജീവനക്കാരെ പുനര്‍വിന്യസിച്ചത് പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് വേഗം കൂട്ടും. ഡിജിറ്റല്‍ വിവരസാങ്കേതിക സംവിധാനങ്ങള്‍ വ്യാപകമായതിനാല്‍ ഫോണിലോ നേരിട്ടോ വിവരങ്ങള്‍ മാത്രം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളുടെ ആവശ്യകത പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഓഡിറ്റ് വിഭാഗം പലതവണ കുറിപ്പ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വടകര, കോഴിക്കാട്, പാലക്കാട്, പൊന്നാനി കേന്ദ്രങ്ങളാണ് പൂട്ടിയത്. പതിനേഴായിരത്തിലധികം രൂപ പ്രതിമാസ വാടക നല്‍കിയാണ് വടകര കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മറ്റുള്ള കേന്ദ്രങ്ങളിലും ടെലിഫോണ്‍-വൈദ്യുതി ബില്ലിനത്തിലും ചെലവുണ്ടായിരുന്നു. ഈ കേന്ദ്രങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലവഹിച്ചിരുന്ന അസി. സെക്ഷന്‍ ഓഫീസര്‍മാരെ സര്‍വകലാശാല കാമ്പസിലെ ഓഫീസുകളില്‍ നിയമിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപകമാകുന്നതിന് മുമ്പ് സര്‍വകലാശാലാ ആസ്ഥാനത്ത് നിന്ന് വിദൂരത്തുള്ള വിദ്യാര്‍ഥികളെ സഹായിക്കാനാണ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ തുറന്നത്. അന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകളുടേത് ഉള്‍പ്പെടെയുള്ള വിവിധ അപേക്ഷകളും ഫീസുമെല്ലാം ഇവിടെ സ്വീകരിച്ചിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭൂരിഭാഗം അപേക്ഷകളും ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. പണമടയ്ക്കാന്‍ ഇ-പേമെന്റ് സംവിധാനവും നിലവിലുണ്ട്. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററായ സുവേഗയും പ്രവര്‍ത്തിക്കുന്നു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ഇവിടെ സേവനം. ഇ-മെയിലായി നല്‍കുന്ന ചോദ്യങ്ങള്‍ക്കും മറുപടി ലഭ്യമാക്കുന്നുണ്ട്. (സുവേഗ ഫോണ്‍: 0494 2660 600, info.suvega@uoc.ac.in) പത്രമാധ്യമങ്ങളിലേതിന് പുറമെ സര്‍വകലാശാലാ വെബ്‌സൈറ്റ്, ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ എന്നവയിലെല്ലാം വിദ്യാര്‍ഥികള്‍ക്ക് അറിയേണ്ട വിവരങ്ങളും പ്രതിദിനം നല്‍കുന്നു.