തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-23 വര്‍ഷത്തേക്കുളള ബി.എഡ്. പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റും സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന്റെ റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ മൂന്നിന് തുടങ്ങും. റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ (http://admission.uoc.ac.in) ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി./ എസ്.ടി./ ഒ.ഇ.സി.-എസ്.സി./ ഒ.ഇ.സി. -എസ്.ടി./ ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 115/- രൂപയും മറ്റുള്ളവര്‍ 480/- രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം.
ഫീസടച്ചവര്‍ അവരുടെ ലോഗിനില്‍ മാന്‍ഡേറ്ററി ഫീ പേയ്മെന്റ് ഡീറ്റെയില്‍സ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ഫീസടയ്ക്കുന്നതിനുള്ള ലിങ്ക് നവംബര്‍ മൂന്ന് വരെ ലഭ്യമാവും. അലോട്ട്‌മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഫീസടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാവുകയും തുടര്‍ന്നുളള അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താവുകയും ചെയ്യും.
ഫസ്റ്റ് ഓപ്ഷന്‍ ലഭിച്ചവരും ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവരും (ഹയര്‍ ഓപ്ഷന്‍ മുഴുവനും റദ്ദ് ചെയ്തു) അഡ്മിറ്റ് കാര്‍ഡ് പ്രിന്റ് എടുത്ത് നവംബര്‍ ഒന്നു മുതല്‍ മൂന്നിനകം കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം. അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമാവുന്ന കോളേജിന്റെ നമ്പറില്‍ നിന്നും പ്രവേശന തിയതിയും സമയവും അറിയാം.
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടും. അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കില്ല.
ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ലോഗിനില്‍ സൗകര്യം ലഭ്യമാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദാക്കിയവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഓപ്ഷനുകള്‍ നിലനിര്‍ത്തുന്നവര്‍ ഫസ്റ്റ് അലോാട്ട്‌മെന്റില്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതില്ല. കോളേജ് കണ്ടെയ്‌മെന്റ് പരിധിയിയിലോ വിദ്യാര്‍ത്ഥികള്‍ ക്വാറന്റൈനിലോ ആയതിനാല്‍ പ്രവേശനത്തിന് ഹാജരാവാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശന സൗകര്യമുണ്ടാകും.
സ്‌പെഷ്യല്‍ ബി.എഡ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ റാങ്കനുസരിച്ചു കോളേജിന്റെ നിര്‍ദേശപ്രകാരം നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ പ്രവേശനം നേടേണ്ടതാണ്. സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന് മാന്‍ഡേറ്ററി ഫീസടയ്‌ക്കേണ്ടതില്ല.