ചെന്നൈ: തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾക്കൊപ്പം യൂണിവേഴ്സിറ്റികളിലും കോളജുകളിലും ക്ലാസുകൾ ആരംഭിക്കുന്നു. സെപ്റ്റംബർ 1 മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ സർക്കാർ നിർദേശം നൽകി. 9മുതൽ 12 വരെയുള്ള ക്ലാസുകളും സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കും. ആഴ്ചയിൽ 6ദിവസം സ്കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കും. ഓരോ ക്ലാസ്റൂമിലും 20ൽ കൂടുതൽ വിദ്യാർത്ഥികളെ അനുവദിക്കില്ല.
ബിരുദ കോഴ്സുകളിലെ രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്ക് ബദൽ അടിസ്ഥാനത്തിൽ ക്ലാസുകളിൽ പങ്കെടുക്കാമെന്നും രണ്ടാം വർഷ പിജി വിദ്യാർത്ഥികൾക്ക് ആറ് ദിവസവും ക്ലാസുകൾ നടത്താമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. നാല് വർഷത്തെ ഡിഗ്രി കോഴ്സുകളിൽ രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾ മറ്റു ദിവസങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കും. നാലാം വർഷ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ആറ് ദിവസവും ക്ലാസുകൾ ഉണ്ടായിരിക്കും. 5 വർഷത്തെ കോഴ്സിൽ 2, 4 വർഷ വിദ്യാർത്ഥികൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കോളജിൽ എത്തണം. 3, 5 വർഷ വിദ്യാർത്ഥികൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കും. കൂടാതെ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമത്തിൽ നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി, ഹോസ്റ്റലുകളും പ്രവർത്തിക്കാൻ അനുവദിക്കും. ഒന്നാം വർഷ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, അഡ്മിഷന് ശേഷം, ഏതാനും ദിവസത്തെ ഓറിയന്റേഷൻ ക്ലാസുകൾ ഒരാഴ്ചയിൽ കൂടുതൽ നടത്തരുതെന്നും നിർദേശമുണ്ട്. അതിനുശേഷം ഓൺലൈൻ ക്ലാസുകൾ നടത്താം. ക്ലാസ് മുറികൾ ലഭ്യമാണെങ്കിൽ, സർക്കാർ ഉത്തരവിട്ട എസ്‌ഒപികൾ പിന്തുടർന്ന് ഫിസിക്കൽ ക്ലാസുകളും നടത്താം. സെപ്റ്റംബർ ഒന്നുമുതൽ തമിഴ്നാട്ടിൽ 9,10,11,12 ക്ലാസുകളിലെ പഠനം സ്കൂളുകളിൽ പുനരാരംഭിക്കും.