ബംഗളുരു : കോവിഡ് വ്യാപന പ്രതിസന്ധിക്ക് ശേഷം നാളെ മുതൽ കർണാടകയിൽ കോളജുകൾ തുറക്കും. നാളെ മുതൽ സാധാരണ ക്ലാസുകൾ പുനരാരംഭിക്കാനാണ് കർണാടക സർക്കാർ ഒരുങ്ങുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകർ അടക്കമുള്ള ജീവനക്കാരുടെയും സുരക്ഷയ്ക്കായി കർശന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഡിഗ്രി, ഡിപ്ലോമ, എഞ്ചിനീയറിംങ് കോളജുകൾ നാളെ മുതൽ പ്രവർത്തമാരംഭിക്കും.കോവിഡ് ഭീഷണിയെ തുടർന്ന് എട്ട് മാസത്തോളം അടച്ചുപൂട്ടിയതിന് ശേഷമാണ് കർണാടകയിലെ കോളജുകളും സർവകലാശാലകളും സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.
മെഡിക്കൽ, ഡെന്റൽ, പാരാമെഡിക്കൽ, നഴ്സിംഗ്, ആയുഷ് കോളജുകൾ ഡിസംബർ 1 മുതൽ ആരംഭിക്കും. നാളെ മുതൽ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ കോളജുകളും ബന്ധപ്പെട്ട ഓഫീസുകളും അണുവിമുക്തമാക്കിക്കഴിഞ്ഞു. സർക്കാർ നിർദ്ദേശമനുസരിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ ഓൺലൈൻ ക്ലാസുകളിലോ ഫിസിക്കൽ ക്ലാസുകളിലോ പങ്കെടുക്കാൻ അവസരമുണ്ട്. മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കോളജിൽ പ്രവേശിക്കുന്നതിനു മുൻപ് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം. മാതാപിതാക്കൾ ഒപ്പിട്ട നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധ്യാപകർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും കോളജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.