തിരുവനന്തപുരം: ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ മാരിടൈം സെൻട്രൽ യൂണിവേഴ്സിറ്റി (IMU)യിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, എംഎസ് ബൈ റിസേർച്ച് പ്രോഗ്രാമുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഫുൾ ടൈം, പാർട്ട് ടൈം കോഴ്സുകളിലാണ് പ്രവേശനം. ആദ്യത്തെ രണ്ടുവർഷം 31,000 രൂപയും തുടർന്നുള്ള മൂന്നുവർഷം 35,000 രൂപയും ഫെലോഷിപ്പ് ലഭിക്കും. ഫുൾ–ടൈം പിഎച്ച്ഡിക്ക് ആദ്യ മൂന്നുവർഷം 30,000 രൂപയാണ് ഫീസ്. തുടർന്നുള്ള രണ്ടുവർഷം 40,000 രൂപ എന്ന ക്രമത്തിലും ഫുൾ–ടൈം ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്ക് ആദ്യ നാലുവർഷം 30,000 രൂപ, തുടർന്നു രണ്ടുവർഷം 40,000 രൂപ എന്ന ക്രമത്തിലും വാർഷിക ഫീസ് ഉണ്ട്. പ്രവേശനഫീയും ഡിപ്പോസിറ്റും ഇതിന് പുറമേയാണ്. പാർട്–ടൈം പ്രോഗ്രാമുകൾക്ക് ഇവയെക്കാൾ ഉയർന്ന ഫീസാണ് നൽക്കേണ്ടത്. ഫുൾ–ടൈം / പാർട്–ടൈം എംഎസ് ബൈ റിസർച്ചിനു വർഷത്തിൽ 1.80 ലക്ഷം രൂപയടയ്ക്കണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾക്ക് http://imu.edu.in സന്ദർശിക്കുക.
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടി
തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)നുള്ള ഓൺലൈൻ രജിസ്ട്രേഷൻ സമയം നീട്ടി. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 10 വൈകിട്ട് 5 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ ഡിസംബർ 11, 12, 13 തീയതികളിൽ മാറ്റം വരുത്താം. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസാകുന്ന പക്ഷം ഹാജരാകണം.











