തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹരാണ്. സ്കോളർഷിപ്പ് ലഭിക്കുന്നവവർക്ക് പഠനം പൂർത്തിയാകുന്നതുവരെ സഹായം ലഭിക്കും. ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ ലഭിക്കും. രാജ്യത്ത് 23,230 വിദ്യാർഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പ് അനുവദിക്കുക. പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം അനുവദിക്കുന്നത്.
ഒൻപതാം ക്ലാസ് മുതൽ പിജി വരെയുള്ള വിദ്യാർത്ഥികൾക്ക് പുറമെ ഐഐടികൾ, ഐഐഎമ്മുകൾ, മെഡിക്കൽ, പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവസരമുണ്ട്. എൻഐആർഎഫ് (NIRF) ടോപ്പ് 300-ൽ ഉൾപ്പെട്ടതോ, നാക് (NAAC) ‘എ’ റേറ്റിംഗ് ലഭിച്ചതോ ആയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സഹായം ലഭിക്കും. അപേക്ഷകർ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. സ്കൂൾ വിദ്യാർഥികളുടെ വാർഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയിലും കോളജ്/പിജി വിദ്യാർത്ഥികളുടെ വാർഷിക വരുമാനം 6 ലക്ഷം രൂപയിലും കവിയാൻ പാടില്ല.
മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 67.50% മാർക്ക് അല്ലെങ്കിൽ 6.30 സിജിപിഎ നേടിയിരിക്കണം.
പെൺകുട്ടികൾക്ക് 50% സീറ്റുകളിൽ സംവരണമുണ്ട്.
SC/ ST വിഭാഗക്കാർക്ക് 25% സീറ്റുകകളിൽ സംവരണമുണ്ട്. നവംബർ 15ന് മുൻപായി https://www.sbiashascholarship.co.in/ വഴി അപേക്ഷ നൽകണം.