തിരുവനന്തപുരം: കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്. ഒന്നാം വർഷ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിക്കുന്നതും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുകയും മുറുവുകളിലും മറ്റു ഭാഗങ്ങളിലും നീറ്റൽ ഉണ്ടാകാൻ ലോഷൻ ഒഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്വകാര്യഭാഗത്ത് ഡംബൽ വെക്കുന്നതു ദൃശ്യങ്ങളിലുണ്ട്. പ്രതികൾ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. റാഗിങ്ങിനെതീരെ പരാതി നൽകിയ വിദ്യാർത്ഥിയെ റാഗ് ചെയ്യുന്ന ക്രൂരമായ ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്.

ഇന്നലെയാണ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിൽ 6 സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിന് ഒടുവിൽ പൊറുതിമുട്ടിയ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒന്നാംവർഷ വിദ്യാർഥികൾ താമസിക്കുന്ന അതേ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് മൂന്നാംവർഷ വിദ്യാർഥികൾ താമസിക്കുന്നത്. ഇവിടെ വെച്ചായിരുന്നു കൊടിയപീഡനം. ഈ ഹോസ്റ്റലിൽ കൊടിയ പീഡനമാണ് ജൂനിയർ വിദ്യാർഥികൾ നേരിട്ടത്. കേസിൽ 6 പ്രതികൾ ഇന്നലെയാണ് അറസ്റ്റിലായത്.