കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി പ്രോഗ്രാമുകൾക്ക് മെയ് 30വരെ അപേക്ഷിക്കാം. എം.എസ്.സി ഫിസിക്സ്(നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി), എം.എസ്.സി കെമിസ്ട്രി(നാനോ സയൻസ് ആന്റ് നാനോടെക്നോളജി) എന്നീ പ്രോഗ്രാമുകളിലാണ് പ്രവേശനം. എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജിയും കണ്ണൂർ സർവകലാശാലയിലെ ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളും ചേർന്നാണ് കോഴ്സുകൾ ഏകോപിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് രണ്ടു സർവകലാശാലകളിലെയും സൗകര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്താനാകും. തൊഴിലിനും ഗവേഷണത്തിനും സാധ്യതയുള്ള കോഴ്‌സുകൾ പഠിക്കുന്ന ഘട്ടത്തിൽ വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരമുണ്ടാകും.
രണ്ടു കോഴ്സുകളും എം.ജി, കണ്ണൂർ സർവകലാശാലകളുടെ റെഗുലർ എം.എസ്സി കോഴ്സുകൾക്ക് തുല്യമായിരിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അവർ തിരഞ്ഞെടുക്കുന്ന പേരന്റ് യൂണിവേഴ്സിറ്റിയിൽനിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക.
ഫിസിക്‌സിലോ കെമിസ്ട്രിയിലോ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ. ബി.എസ്.സി അല്ലെങ്കിൽ ബിഎസ്.സി ഓണേഴ്‌സ് ബിരുദമാണ് യോഗ്യത. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിലും (http://mgu.ac.in) നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി വകുപ്പിന്റെ വെബ്‌സൈറ്റിലും (http://nnsst.mgu.ac.in/) ലഭിക്കും. വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള വിജ്ഞാപനത്തിലെ ഗുഗിൾ ഫോറം മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പൊതു വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്ക് 500 രൂപയും പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് https://epay.mgu.ac.in/ എന്ന ലിങ്കിൽ ഫീസ് അടയ്ക്കണം. അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രവേശനത്തിനായി നിശ്ചയിച്ചിട്ടുള്ള തീയതിക്കുള്ളിൽ ഈ വിഭാഗത്തിൽപെടുന്നവർ യോഗ്യത നേടിയിരിക്കണം.
കൂടുതൽ വിവരങ്ങൾ 9562789712, 9495392750(ഫിസിക്‌സ്), 8281915276, 9447709276(കെമിസ്ട്രി) എന്നീ നമ്പരുകളിൽ ലഭിക്കും.