കോഴിക്കോട്:സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ.കെ.
ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽ ചെയറിൽ ഇരുന്നാണ് ശാരിക ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമിയുടെ സ്ഥാപകനായ എഴുത്തുകാരനും, മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ജോബിൻ എസ് കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ് ചിത്രശലഭം ‘എന്ന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കഴിഞ്ഞ വർഷം വീൽ ചെയറിൽ നിന്നും സിവിൽ സർവീസ് ലഭിച്ച ഷെറിൻ ഷഹാനയും അബ്സൊല്യൂട്ട് അക്കാദമിയുടെ ‘ചിത്ര ശലഭം ‘പദ്ധതിയുടെ ഭാഗമായിരുന്നു.
ശാരികക്ക് ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ മാത്രമേ ചലിപ്പിക്കാൻ കഴിയുകയുള്ളു. ഈ പരിമിതികളെയൊക്കെ അതിജീച്ചാണ് ശാരിക ഇപ്പോൾ സിവിൽ സർവീസ് എന്ന ലക്ഷ്യം കീഴടക്കിയിരിക്കുന്നത്.കീഴരിയൂർ എരേമ്മൻ കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ്. പ്ലസ് ടു വിദ്യാർത്ഥിനിയായ ദേവിക സഹോദരിയാണ്.2024ലെ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി. തുടർന്ന് ജനുവരി 30ന് ഡൽഹിയിൽ വെച്ച് നടന്ന ഇൻറർവ്യൂവിൽ മികവ് തെളിയിച്ചു. ഓൺലൈൻ ആയും, തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം.
ഇന്ത്യയിൽ മൂന്നു കോടിയോളം ഭിന്ന ശേഷിക്കാരായ വ്യക്തികൾ ഉണ്ട്. എന്നാൽ സിവിൽ സർവീസ് അടക്കമുള്ള നേതൃ രംഗത്ത് അവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. ഇത് കണക്കിലെടുത്ത് ഭിന്ന ശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്തിക്കുന്നതിനാണ് മൂന്നു വർഷം മുൻപ് ഡോ. ജോബിൻ എസ് കൊട്ടാരം ‘പ്രൊജക്റ്റ് ചിത്രശലഭം ‘ആരംഭിച്ചത്. പ്രതിസന്ധികളോടും, ജീവിതാവസ്‌ഥകളോടും പടവെട്ടി ശാരിക എ. കെ സിവിൽ സർവീസിലെത്തുമ്പോൾ അത് ഈ അധ്യാപകനും സംതൃപ്തിയുടെ നിമിഷമായി മാറുകയാണ്.
922 )o റാങ്ക് നേടിയാണ് ശാരിക സിവിൽ സർവീസ് എന്ന ലക്ഷ്യം സ്വന്തമാക്കിയിരിക്കുന്നത്.