തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2023 വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (രണ്ടു വര്‍ഷം) അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. നിര്‍ദ്ദിഷ്ട രീതിയിലുള്ള ബയോഡാറ്റ ബന്ധപ്പെട്ട രേഖകള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി സപ്തംബര്‍ 23 ആണ്. സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ഭാഷാ സാഹിത്യം എന്നിവയില്‍ 10 പേര്‍ക്കാണ് ഫെല്ലോഷിപ്പ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നേടിയ പി.എച്ച്.ഡി., പി.ജി.ക്ക് ജനറല്‍ വിഭാഗത്തിന് 55 ശതമാനം മാര്‍ക്കും എസ്.സി, എസ്.ടി., ഒ.ബി.സി., പി.എച്ച്. വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്കും ആണ് യോഗ്യത.
അര്‍ഹമായ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സംവരണം ഉണ്ടായിരിക്കും. ജനറല്‍ വിഭാഗത്തിന് 35 വയസും സംവരണ വിഭാഗക്കാര്‍ക്ക് 40 വയസുമാണ് പ്രായപരിധി. ആദ്യവര്‍ഷം 32000 രൂപയും രണ്ടാം വര്‍ഷം 35000 രൂപയുമാണ് ഫെലോഷിപ്പ്. കൂടാതെ പ്രതിവര്‍ഷം 25000 രൂപ വീതം കണ്ടിജന്‍സി ഗ്രാന്റും ലഭിക്കും. ദി. ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.