SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:സമഗ്ര ശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ കിളിമാനൂർ ബിആർസി ജേതാക്കളായി. നേമം സ്പോർട്സ് ഹബിൽ നടന്ന ഏകദിന ടൂർണമെൻറ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ.ആർ അധ്യക്ഷയാ യിരുന്നു. എസ് എസ് കെയുടെ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 12 ടീമുകൾ മാറ്റുരച്ച ഫുട്ബാൾ മത്സരങ്ങളിൽ ഓരോ ടീമിലും നാല് ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ ഏഴു പേരാണ് മത്സരത്തിനിറങ്ങിയത്.
ഭിന്നശേഷി കുട്ടികളുടെ ആത്മവിശ്വാസവും , കായിക താൽപര്യവും, ആരോഗ്യ പരിപാലനവും വർധിപ്പിക്കുന്നതിനുള്ള സ്പോർട്സ് തെറാപ്പിയുടെ ഭാഗമായ പുതുമകളുമായിട്ടാണ് സംസ്ഥാനത്ത് ആദ്യമായി ജില്ലാതലത്തിൽ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കപ്പെട്ടത് . രക്ഷിതാക്കളും സ്പെഷ്യൽ ട്രെയിനർമാരും ഡിപിസിമാരും പൊതുജനങ്ങളും ആദ്യാവസാനം വരെ ആവേശം നിറച്ച മത്സരങ്ങൾ കാഴ്ചവച്ച ടീമുകളെ അഭിനന്ദിച്ചു . പച്ചമൈതാനത്തെ പ്രകമ്പനം കൊള്ളിക്കുന്ന മത്സരങ്ങളാണ് അരങ്ങേറിയത്. പാറശ്ശാല ബി ആർ സി ടീമാണ് ടൂർണ്ണമെന്റിലെ രണ്ടാം സ്ഥാനക്കാർ. സമാപന ചടങ്ങിൽ വിശിഷ്ടാതിഥികളായി രുന്ന ഇന്ത്യൻ ഫുട്ബോൾ അംഗം വി.വി.ഷാജി, സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ അബ്ദുൽ നൗഷാദ് തുടങ്ങിയവർ വിജയികളായ ടീമിനുള്ള ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സംസ്ഥാന അഡീ.ഡയറക്ടർ ആർ എസ് ഷിബു , സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എസ് വൈ ഷൂജ എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു. ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ എസ്.ജവാദ് , പ്രോഗ്രാം ഓഫീസർ ശ്രീകുമാരൻ , ട്രെയിനർമാർ , സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.