SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തേഞ്ഞിപ്പലം: \’ നാക് \’ എ പ്ലസ് ഗ്രേഡ് നേട്ടത്തില്‍ തിളങ്ങിയ കാലിക്കറ്റ് സര്‍വകലാശാലക്ക് സംസ്ഥാന സര്‍ക്കാറിന്റെ സമ്മാനമായി മൂന്ന് പുതിയ കോഴ്‌സുകളും സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും. ഉന്നത വിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ അഭിനന്ദനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി. അബ്ദുറഹ്‌മാനുമാണ് ഇവ പ്രഖ്യാപിച്ചത്.
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രൊഡക്ഷന്‍, ഡാറ്റാസയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, കമേഴ്‌സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് കോപ്‌സ് എന്നീ പ്രൊജക്ട് മോഡ് കോഴ്‌സുകളാണ് പുതുതായി അനുവദിച്ചതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.
250 മുറികളോടു കൂടിയ ഹോസ്റ്റല്‍ സമുച്ചയം ഇതിന്റെ ഭാഗമായി ലഭിക്കും. നൂതനാശയങ്ങള്‍ പ്രയോഗവത്കരിക്കുന്നതിനായി ഇന്‍ക്യുബേഷന്‍ കേന്ദ്രവും സര്‍വകലാശാലയില്‍ സ്ഥാപിക്കും.
മതില്‍ക്കെട്ടിനു പുറത്തുള്ള സമൂഹത്തെക്കുറിച്ചും ഉത്കണ്ഠയുള്ള സര്‍വകലാശാലയാണ് കാലിക്കറ്റ്. ഓരോ സര്‍വകലാശാലക്കും അതിന്റേതായ ജൈവ പ്രകൃതിയുണ്ട്. അത് മനസ്സിലാക്കി മുന്നോട്ടു പോകാന്‍ കഴിയുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും നേതൃത്വം നല്‍കുന്ന സര്‍വകലാശാലാ കൂട്ടായ്മ തെളിയിച്ചു കഴിഞ്ഞു.
സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന സൈദ്ധാന്തിക അറിവുകള്‍ പ്രയോഗവത്കരിക്കാനും ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാനും നമുക്ക് കഴിയണമെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.
യോഗത്തില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല കേന്ദ്രമാക്കി നാല് കോടി രൂപ ചെലവില്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ കാലിക്കറ്റ് സര്‍വകലാശാലാ കേരളത്തിന്റെ കായിക വിദ്യാഭ്യാസ ഹബ്ബായി മാറുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ വകയായി സര്‍വകലാശാലക്കുള്ള ഉപഹാരം മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
എം.എല്‍.എമാരായ പി. അബ്ദുള്‍ ഹമീദ്, കെ.ടി. ജലീല്‍, പി.വി. അബ്ദുള്‍ വഹാബ് എം.പി., ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, മലയാളസര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, എന്‍.വി. അബ്ദുറഹ്‌മാന്‍, ഡോ. ഷംസാദ് ഹുസൈന്‍, കെ.കെ. ബാലകൃഷ്ണന്‍, മുന്‍ രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
റേഡിയോ സി.യു. നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ തീം സോങ് പ്രകാശനവും വേദിയില്‍ നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.