SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനം അവതാളത്തിൽ. ഗ്രേഡ്–2 റാങ്ക് ലിസ്റ്റിലെ നിയമനമാണ് എവിടെയും എത്താതെ നിൽക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–1 തസ്തികയിലുള്ളവരുടെ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം വൈകുന്നതാണു ഇതിന് കാരണം.
10 മാസമായി ഒരാൾക്കുപോലും ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയിട്ടില്ല. ആരോഗ്യവകുപ്പിലെ പലപ്രവർത്തനങ്ങൾക്കും ഇത് തടസ്സമായി. കൂടാതെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം ഇതുകാരണം തടസ്സപ്പെട്ടിരിക്കുകയാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ ഇത് സാരമായി ബാധിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–1, ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ തസ്തികകളിലായി 175 ഒഴിവുകളാണ് ഉള്ളത്. 2871 സാങ്ഷൻഡ് തസ്തികകളിൽ 3 വിഭാഗങ്ങളിലായി 2696 തസ്തികയിൽ മാത്രമേ ജീവനക്കാരുള്ളൂ.
യഥാസമയം സ്ഥാനക്കയറ്റം നടന്നിരുന്നെങ്കിൽ ഈ ഒഴിവുകൾ നികത്താനും റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ നടത്താനും കഴിയുമായിരുന്നു. സംസ്ഥാനമൊട്ടാകെ 1813പേരാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സപ്ലിമെന്ററി ലിസ്റ്റിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം–74 (മെയിൻ ലിസ്റ്റ്), 59 (സപ്ലിമെന്ററി ലിസ്റ്റ്). കൊല്ലം–202, 114. പത്തനംതിട്ട–50, 43. ആലപ്പുഴ–60, 14. കോട്ടയം–35, 22. ഇടുക്കി–99, 41. എറണാകുളം–99, 15. തൃശൂർ–151, 87. പാലക്കാട്–105 (മെയിൻ ലിസ്റ്റ്). മലപ്പുറം–236. കോഴിക്കോട്–76, 44. വയനാട്–59. കണ്ണൂർ–71. കാസർകോട്–57. എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റ്. എന്നാൽ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ 311 നിയമന ശുപാർശ മാത്രമാണ് നടന്നിട്ടുള്ളത്. ഏറ്റവും കൂടുതൽ നിയമന ശുപാർശ കൊല്ലം ജില്ലയിലും (60) ഏറ്റവും കുറവ് തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ–4 വീതവുമാണ്. നിയമനവും സ്ഥാനകയറ്റവും ഇനിയും നീളുന്നത് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ ഭാവി കൂടുതൽ പ്രതിസന്ധിയിലാക്കും.