SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-UG 2022 ഇന്ന് (ജൂലൈ17) നടക്കും. രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌ത വിദ്യാർത്ഥികൾ https://neet.nta.nic.in വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡുമായി വേണം പരീക്ഷയ്ക്ക് എത്താൻ. പരീക്ഷ എഴുതുന്നവർ പാലിക്കേണ്ട നിബന്ധനകൾ ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിന്റെ മൂന്നും നാലും പേജുകളിലും ഉണ്ട്. ഇവ കൃത്യമായി പാലിക്കണം. അഡ്മിറ്റ് കാർഡിന്റെ ആദ്യപേജിൽ നിർദിഷ്ട വിവരങ്ങൾ കൃത്യമായി എഴുതിച്ചേർക്കുക. അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ പാസ്പോർട്ട് സൈസ് കോപ്പി ഇവിടെ ഒട്ടിക്കുക. കോവിഡ് സംബന്ധിച്ച സത്യവാങ്മൂലത്തിനു താഴെ രക്ഷിതാവ് ഒപ്പിടണം. വിദ്യാർഥി ഇടതു തള്ളവിരലടയാളം പതിക്കണം. വിദ്യാർഥി ഒപ്പിടേണ്ടത് പരീക്ഷാകേന്ദ്രത്തിൽ ഇൻവിജിലേറ്ററുടെ മുന്നിൽവച്ചു മാത്രമാണ്. നേരത്തേ ഒപ്പിട്ടു കൊണ്ടുപോകരുത്.👇🏻👇🏻
രണ്ടാം പേജിൽ വെള്ള പശ്ചാത്തലമുള്ള പോസ്റ്റ് കാർഡ് സൈസ് (6’’ x4’’) കളർ ഫോട്ടോ നിർദേശാനുസരണം ഒട്ടിക്കുക (അപേക്ഷാഫോമിൽ അപ്‌ലോഡ് ചെയ്തിരുന്ന ഫോട്ടോയുടെ കോപ്പി). പരീക്ഷാകേന്ദ്രത്തിൽ വച്ച് ഈ ഫോട്ടോയിൽ ഇടതുഭാഗത്തു വിദ്യാർഥിയും വലതുഭാഗത്ത് ഇൻവിജിലേറ്ററും ഒപ്പിടണം. ഈ ഫോട്ടോയും ഒപ്പും അഡ്മിറ്റ് കാർഡിന്റെ ഒന്നാം പേജിലേതു തന്നെയെന്ന് ഉറപ്പുവരുത്തും. ഇതേ പേജിലെ നിർദിഷ്ടസ്ഥാനങ്ങളിൽ വിദ്യാർഥിയും ഇൻവിജിലേറ്ററും വീണ്ടും ഒപ്പിടേണ്ടതുണ്ട്. റഫ് വർക് ചെയ്യാൻ ടെസ്റ്റ് ബുക്‌ലെറ്റിൽ സ‌്ഥലമുണ്ടാകും. പരീക്ഷയ്ക്കുശേഷം അഡ്മിറ്റ് കാർഡ് ഇൻവിജിലേറ്ററെ ഏൽപ്പിക്കണം.👇🏻👇🏻
പരീക്ഷാഹാളിൽ നിർബന്ധമായും ആവശ്യമുള്ളത്
🌐പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച അഡ്മിറ്റ് കാർഡ്
🌐അറ്റൻഡൻസ് ഷീറ്റിലൊട്ടിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ 🌐ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽരേഖ (12ലെ അഡ്മിറ്റ് കാർഡ് / ആധാർ / റേഷൻ കാർഡ് / വോട്ടർ ഐഡി / പാസ്പോർട്ട് / ഡ്രൈവിങ് ലൈസൻസ് / പാൻ കാർഡ് ഇവയിലൊന്ന്).
🌐കൂടുതൽ നേരം വേണ്ട ഭിന്നശേഷിവിദ്യാർഥികൾ ബന്ധപ്പെട്ട വിശേഷരേഖകൾ കൊണ്ടുചെല്ലണം. സ്ക്രൈബ് (പകരം എഴുതുന്നയാൾ) ഉണ്ടെങ്കിൽ അതിനുള്ള രേഖകളും കൊണ്ടുപോകണം.
പരീക്ഷാഹാളിൽ അനുവദിക്കുന്ന സാധനങ്ങൾ
🌐സുതാര്യമായ വാട്ടർബോട്ടിൽ
🌐സാനിറ്റൈസർ (50 എംഎൽ)_
🌐പ്രമേഹരോഗമുണ്ടെന്ന തെളിവുണ്ടെങ്കിൽ, മുൻകൂട്ടി അനുമതി വാങ്ങി, അത്യാവശ്യത്തിന് പഴങ്ങൾ, ഷുഗർ ടാബ്‌ലറ്റ്സ് എന്നിവ.
പരീക്ഷാഹാളിൽ അനുവദിക്കാത്ത സാധനങ്ങൾ
🌐എഴുതിയതോ അച്ചടിച്ചതോ ആയ പേപ്പർ.
🌐ജ്യോമെട്രി / പെൻസിൽ ബോക്സ്
🌐പ്ലാസ്റ്റിക് കൂട്_
🌐പേന, സ്കെയിൽ, റൈറ്റിങ് പാഡ്, ഇറേസർ (റബർ)
🌐പെൻഡ്രൈവ് കാൽക്കുലേറ്റർ
🌐ലോഗരിതം ടേബിൾ
🌐മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ് 🌐വോലറ്റ്, കൂളിങ് ഗ്ലാസ് (കറുപ്പു കണ്ണട), ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി, വാച്ച്, ബ്രേസ്‌ലറ്റ്
🌐ക്യാമറ
🌐ആഭരണങ്ങൾ, ലോഹവസ്തുക്കൾ
🌐ഭക്ഷണ വസ്തുക്കൾ
ഡ്രസ്സ് കോഡ് കർശനം
നീണ്ട കയ്യുളള ഉടുപ്പുകൾ, വലിയ ബട്ടൺ എന്നിവ അനുവദിക്കില്ല. ഷൂസ് പാടില്ല. കനംകുറഞ്ഞ ചെരിപ്പാകാം. മതാചാരപ്രകാരമുള്ള വിശേഷ വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനയ്ക്കായി നേരത്തേ പരീക്ഷാ കേന്ദ്രത്തിലെത്തണം. 1.30നു പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റ് അടയ്ക്കും. അവസാനനിമിഷം വരെ കാത്തിരിക്കാതെ എല്ലാവരും അഡ്മിറ്റ് കാർഡിൽ കാണിച്ചിട്ടുള്ള സമയത്ത് എത്തുക. പരീക്ഷാഹാളിലെ വിഡിയോ ചിത്രീകരണത്തിനു മുഖം മറയാതെയിരിക്കണം.👇🏻👇🏻
നിങ്ങളുടെ സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ പരീക്ഷാകേന്ദ്രത്തിൽ സൗകര്യം കിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം. ഹാളിൽ കയറുംമുൻപ് എല്ലാവർക്കും പുതിയ എൻ95 മാസ്ക് തരും. ഇതു മാത്രമേ അവിടെ ഉപയോഗിക്കാവൂ. പനിയുണ്ടെങ്കിൽ ഐസലേഷൻ മുറിയിലിരുന്ന് പരീക്ഷയെഴുതാം. കോവിഡ് സംബന്ധിച്ച വിശദാംശങ്ങൾ അഡ്മിറ്റ് കാർഡിന്റെ നാലാം പേജിലുണ്ട്.👇🏻👇🏻
പരീക്ഷാഹാളിൽ ഓർക്കേണ്ട കാര്യങ്ങൾ
ടെസ്റ്റ് ബുക്‌ലെറ്റ്, അറ്റൻഡൻസ് ഷീറ്റ്, ഒഎംആർ ഷീറ്റ് എന്നിവയിലെഴുതാനും അടയാളപ്പെടുത്താനുമുള്ള കറുപ്പ് ബോൾപേന ഇൻവിജിലേറ്റർ തരും. ഉച്ചയ്ക്ക് 1.15 മുതൽ സീറ്റിലിരിക്കാം. 1.40 മുതൽ വിദ്യാർഥികളുടെ രേഖകൾ പരിശോധിക്കും. അറ്റൻഡൻസ് ഷീറ്റിൽ നിങ്ങളുടെ പേരിനു നേർക്ക് ഒപ്പിട്ട്, സമയവും അമ്മയുടെ പേരുമെഴുതി, ഫോട്ടോ പതിച്ചുകൊടുക്കണം. 👇🏻👇🏻
സുതാര്യ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ടെസ്റ്റ് ബുക്‌ലെറ്റ് 1.50നു കിട്ടും. ഇൻവിജിലേറ്റർ പറയുമ്പോൾ മാത്രം പ്ലാസ്റ്റിക് കവർ കീറി, ടെസ്റ്റ് ബുക്‌ലെറ്റ് പുറത്തെടുക്കാം. അതിലെ പേപ്പർസീൽ തുറക്കരുത്. ബുക്‌ലെറ്റിന്റെ കവർപേജിൽ വിവരങ്ങൾ ചേർത്ത് കാത്തിരിക്കുക. ഇൻവിജിലേറ്ററുടെ നിർദേശപ്രകാരം 1.55ന് ഇതു തുറക്കാം. ടെസ്റ്റ് ബുക്‌ലെറ്റും ഒഎംആർ ആൻസർ ഷീറ്റും പുറത്തെടുക്കുക. ഒറിജിനൽ, ഓഫിസ് കോപ്പി എന്നിങ്ങനെ ഒഎംആറിനു രണ്ടു ഭാഗങ്ങളുണ്ട്. ഇവ വേർപെടുത്തരുത്. രണ്ടും പരീക്ഷയ്ക്കുശേഷം തിരികെക്കൊടുക്കാനുള്ളവയാണ്. ഇവ ഭദ്രമായി കൈകാര്യം ചെയ്യണം. ടെസ്റ്റ് ബുക്‌ലെറ്റിലെയും ഒഎംആർ ഷീറ്റിലെയും നമ്പറും കോഡും ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തുന്നത് വളരെ പ്രധാനം. വ്യത്യാസമുണ്ടെങ്കിൽ ഉടൻ തിരികെക്കൊടുത്തു മാറ്റിവാങ്ങുക. ടെസ്റ്റ് ബുക്‌ലെറ്റിൽ ആദ്യപേജിന്റെ മുകളിൽ കാണിച്ചിട്ടുള്ളത്ര പേജുകൾ ഉണ്ടെന്ന് ഉറപ്പാക്കുക. ഇതിലെ പേജുകൾ ഇളക്കിക്കൂടാ. ഒഎംആറിൽ എന്തെങ്കിലും എഴുതുംമുൻപ് ഓഫിസ് കോപ്പിയുടെ പിൻവശത്തുള്ള നിർദേശങ്ങൾ ശ്രദ്ധിച്ചു വായിക്കുക. ഒഎംആർ ഷീറ്റിലെ നിർദിഷ്ടസ്ഥലത്ത് ഇൻവിജിലേറ്ററുടെ മുന്നിൽവച്ച് സമയമെഴുതി, ഒപ്പിട്ട്, ഇടതു തള്ളവിരലടയാളം പതിക്കുക. കൃത്യം 2 മണിക്കു പരീക്ഷയെഴുതിത്തുടങ്ങാമെന്ന് ഇൻവിജിലേറ്റർ അറിയിക്കും. പരീക്ഷ തീർന്ന് ഒഎംആർ ഷീറ്റുകൾ രണ്ടും തിരികെക്കൊടുക്കുമ്പോഴും അറ്റൻഡൻസ് ഷീറ്റിൽ സമയമെഴുതി ഒപ്പിടണം. ചോദ്യ ബുക്‌ലെറ്റ് മാത്രം വിദ്യാർഥിക്കു കൊണ്ടുപോരാം.👇🏻👇🏻
ശ്രദ്ധയോടെ ഉത്തരം എഴുതണം
ഒരു പേപ്പർ, 200 മിനിറ്റ്, 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ശരിയുത്തരത്തിന് 4 മാർക്ക് വീതം ആകെ 720 മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. 4 വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി. ഓരോ വിഷയത്തിലും 35, 15 വീതം ചോദ്യങ്ങളുള്ള എ, ബി വിഭാഗങ്ങൾ. ബിയിലെ 15ൽ ഇഷ്ടമുള്ള പത്തെണ്ണത്തിന് ഉത്തരം നൽകിയാൽ മതി. പത്തിൽ കൂടുതൽ ഉത്തരം നൽകിയാൽ ആദ്യപത്തിന്റെ മാർക്കെടുക്കും.👇🏻👇🏻
ചോദ്യങ്ങളെല്ലാം വായിക്കാൻ നേരം കളയരുത്. ആദ്യം മുതൽ മുറയ്ക്ക് ഒഎംആർ ഷീറ്റിൽ ശ്രദ്ധയോടെ ഉത്തരം അടയാളപ്പെടുത്തിപ്പോകുക. ബി വിഭാഗത്തിൽ ചോദ്യങ്ങളെല്ലാം വേഗം വായിച്ച് നല്ലവണ്ണം അറിയാവുന്ന പത്തെണ്ണം തിരഞ്ഞെടുത്ത് ഉത്തരം നൽകുക. വിഷമമുള്ള ചോദ്യം ഉടൻ ഒഴിവാക്കി അടുത്തവയിലേക്കു പോകുക. ഇങ്ങനെ സ്കിപ് ചെയ്യാതെ വിഷമമുള്ള ചോദ്യത്തിന് ഉത്തരം ഊഹിച്ച് നൽകി നെഗറ്റീവ് മാർക്ക് ക്ഷണിച്ചുവരുത്തരുത്. സ്കിപ് ചെയ്തശേഷം നൽകുന്ന ഉത്തരം ശരിയായ ചോദ്യനമ്പറിനു നേർക്കു തന്നെയെന്ന് ഉറപ്പാക്കുക. വിട്ടുകളഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ രണ്ടാമതൊരു റൗണ്ടാകാം. അതിലും കുലുക്കിക്കുത്ത് വേണ്ട. നേരമുണ്ടെങ്കിൽ മൂന്നാം റൗണ്ടിനും ശ്രമിക്കാം. എല്ലാ വിദ്യാർത്ഥികൾക്കും \’സ്കൂൾ വാർത്ത\’യുടെ വിജയാശംസകൾ.