JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: മലയാളി നഴ്സുമാരെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമുള്ള റിക്രൂട്ട്‌മെന്റിന്റെ മുന്നോടിയുള്ള ഇൻഫർമേഷൻ സെഷൻ ഏപ്രിൽ 29ന് നടക്കും. പതിമൂവായിരത്തിൽപരം അപേക്ഷകരിൽ നിന്നും ഷോർട്‌ലിസ്റ്റ് ചെയ്ത നാനൂറോളം പേർക്ക് ജർമനിയിലെ ജീവിത, തൊഴിൽ സാഹചര്യങ്ങളും ഇന്റർവ്യൂ സംബന്ധമായ വിശദാശംങ്ങളും ജർമൻ ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട് മനസിലാക്കുന്നതിനാണ് \’ഇൻസൈറ്റ് 2022\’ എന്ന പേരിൽ ഇൻഫർമേഷൻ സെഷൻ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ രാവിലെ 11ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും.
നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി ഇന്റർനാഷണൽ അഫേഴ്സ് ഡയറക്ടർ മാർക്കുസ് ബിർച്ചർ, ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ പ്രതിനിധികളായ ഉൾറിക് റെവെറി, ബജോൺ ഗ്രൂബെർ,ഹോണറേറി കോൺസുൽ ഡോ. സയീദ് ഇബ്രാഹിം എന്നിവർ സംസാരിക്കും. നോർക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി സ്വാഗതവും ജനറൽ മാനേജർ അജിത് കോളശ്ശേരി നന്ദിയും പറയും. ഉച്ചക്ക് 12.45 മുതൽ രണ്ട് മണിവരെയാണ് ജർമൻ ഉദ്യോഗസ്ഥരും ഉദ്യോഗാർത്ഥികളുമായുള്ള ആശയവിനിമയം നടക്കുന്നത്.നിലവിൽ ജർമൻ ഭാഷാ പ്രാവീണ്യമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായുള്ള വാക്ക് ഇൻ ഇന്റർവ്യൂവിന്റെ സർട്ടിഫിക്കറ്റ് പരിശോധനയും ഇൻഫർമേഷൻ സെഷനിൽ നടക്കും. കഴിഞ്ഞ ആറു മാസത്തിനിടയിൽ ജർമൻ ഭാഷയിൽ ബി1, ബി2 ലവൽ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഉദ്യോഗാർഥികൾക്ക് സർട്ടിഫിക്കറ്റുമായി പരിപാടിയിൽ എത്താവുന്നതാണ്.
ഷോർട്ടു ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ മേയ് നാല് മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കും. ജർമനിയിൽ നിന്നും എത്തുന്ന പ്ലയ്‌സ്‌മെന്റ് ഓഫീസർമാരുടെ സംഘമാണ് ഇന്റർവ്യൂ നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്സുമാർക്ക് ജർമൻ സർക്കാർ ഏജൻസിയായ ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ സൗജന്യമായി ജർമൻ ഭാഷാ പരിശീലനം നൽകും. ബി 1 ലവൽ പ്രാവീണ്യം നേടുന്ന മുറക്ക് ഇവർക്ക് ജർമനിയിലേക്ക് വിസ അനുവദിക്കും. തുടർന്ന് ജർമനിയിൽ അസിസ്റ്റന്റ് നഴ്‌സ് ആയി ജോലി ചെയ്തുകൊണ്ട് തന്നെ ബി 2 ലവൽ ഭാഷാ പ്രാവീണ്യം നേടി രജിസ്റ്റേർഡ് നഴ്‌സ് ആയി മാറാം. ഇതിനുള്ള പഠന-പരിശീലനങ്ങളും സൗജന്യമായി ലഭിക്കും.