JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
സ്വന്തം ലേഖകന്‍
കോഴിക്കോട്: അദ്ധ്യാപകരുടെ ബഹിഷ്‌ക്കരണ സമരം മൂലം പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുക്കം കെ.എം.സി.ടി പോളിടെക്ക്‌നിക്ക് കോളജില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ മുതല്‍ സമര രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയാണ്. പ്രിന്‍സിപ്പല്‍ സി ഉദയന്‍ രണ്ട് ദിവസമായി ലീവിലാണ്. ഇന്ന് വൈസ് പ്രിന്‍സിപ്പല്‍ സുനു സുരേന്ദ്രനാണ് ചുമതല. ഇന്നലെ മറ്റൊരാള്‍ക്കായിരുന്നു ചുമതല. പ്രിന്‍സിപ്പല്‍ ഉദയന്‍ എത്താതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ഇന്ന് വിദ്യാര്‍ത്ഥികളുടെ നിലപാട്. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്.
ജനുവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയിലാണ് കോളജിലെ നാനൂറിലേറെ വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഫലം പ്രസിദ്ധീകരിച്ചത്.
പരീക്ഷ വീണ്ടും നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ കോളജ് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കോളജ് അധികൃതര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല നടപടി എടുപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പരീക്ഷ നടത്താമെന്ന് ചില ഉദ്യോഗസ്ഥര്‍ വാക്കാല്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച് കഴിയുകയായിരുന്നു കോളജ് അധികൃതര്‍. പരീക്ഷ വീണ്ടും നടത്തുന്നതിന് ആവശ്യമായ പിഴ കോളജ് വഹിക്കാമെന്നുള്‍പ്പടെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നതാണെന്ന് പ്രിന്‍സിപ്പല്‍ സി ഉദയന്‍ സ്‌കൂള്‍ വാര്‍ത്തയോട് പറഞ്ഞു. അതിനിടെയാണ് ഫലം പുറത്ത് വന്നത്. പരീക്ഷ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ജനുവരിയില്‍ നടന്ന പരീക്ഷ അദ്ധ്യാപകര്‍ ബഹിഷ്‌ക്കരിച്ചത്. തുടര്‍ന്ന് പരീക്ഷ മുടങ്ങി. പൊലീസ് ഇടപെട്ടതോടെയാണ് മറ്റ് പരീക്ഷകള്‍ മുടങ്ങാതെ നടന്നത്. അന്ന് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും ആരും തോല്‍ക്കില്ലെന്നും കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഫലം പ്രഖ്യാപിച്ച ശേഷം നടക്കുന്ന പരീക്ഷ സപ്ലിമെന്ററി ഗണത്തില്‍ പെടുമെന്നതിനാല്‍ തുടര്‍ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.