തേഞ്ഞിപ്പലം: സർക്കാർ, എയ്ഡഡ് കോളേജുകളില്‍ ഈ വര്‍ഷം ബിരുദ, ബിരുദാനന്തരബിരുദ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഇന്നു ചേർന്ന കാലിക്കറ്റ് സര്‍വകലാശാലാ സിൻഡിക്കേറ്റ് യോഗത്തിലാണ് സീറ്റ് വർധനയുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്. കോളേജുകളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ പ്രകാരമാകും സീറ്റുകൾ വർദ്ധിപ്പിക്കുക. കഴിഞ്ഞ വര്‍ഷം തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഈ സൗകര്യം ബാധകമാകും. സ്വാശ്രയ കോളേജുകളില്‍ 50 ശതമാനം മെറിറ്റ് സീറ്റില്‍ പ്രവേശനം നടത്താത്ത കോളേജുകളോട് വിശദീകരണം തേടും. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നിരവധി സ്ഥാപനങ്ങളില്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോഴ്‌സുകള്‍ തുടങ്ങിയ ശേഷം താല്‍ക്കാലികമായി മരവിപ്പിക്കുകയും പിന്നീട് വീണ്ടും തുടങ്ങുകയും ചെയ്യുന്നത് ഇനിമുതല്‍ ജില്ലാതല പരിശോധനാ സമിതിയുടെ ശുപാര്‍ശപ്രകാരം മാത്രമായിരിക്കും.
