കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്/സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള സംവരണ ക്വാട്ട രജിസ്ട്രേഷൻ ഈ മാസം 29വരെ നടത്താം. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കുള്ള ഒന്നാം പ്രത്യേക അലോട്മെൻറിന് ഇതുവരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പ്രവേശനം ലഭിച്ചതിനുശേഷം റിജക്ട് ആയവർക്കും, നിശ്ചിത സമയത്ത് പ്രവേശനമെടുക്കാൻ സാധിക്കാത്തവർക്കുമാണ് സെപ്തംബർ 29ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാൻ അവസരം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് http://cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെ പുതുതായി ഓപ്ഷനുകൾ നൽകാം. പ്രത്യേക അലോട്മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. മാനേജ്മെന്റ് ക്വാട്ട/ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട എന്നീ വിഭാഗങ്ങൾക്കായുള്ള പ്രത്യേക ലിങ്കിലൂടെ മാത്രം നിലവിൽ അപേക്ഷിച്ചിട്ടുള്ള പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പ്രസ്തുത വിഭാഗക്കാർക്ക് പ്രത്യേകമായി നൽകിയിട്ടുള്ള ലിങ്കിൽ ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്തശേഷം അപേക്ഷകന് താൻ നേരത്തെ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ തിരുത്താം. പുതുതായി ഓപ്ഷനുകൾ നൽകുകയും ചെയ്യാം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളുടെ വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിനകംപ്രവേശന നടപടികൾ പൂർത്തിയാക്കി കോളജുകളിൽ ചേർന്നവർ പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള പ്രത്യേക അലോട്മെന്റിന് അപേക്ഷിക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ അത്തരക്കാരുടെ മുൻ പ്രവേശനം റദ്ദാക്കപ്പെടുമെന്നതിനാൽ പുതുതായി ലഭിക്കുന്ന അലോട്മെന്റിനനുസരിച്ച് നിർബന്ധമായും പ്രവേശനം എടുക്കേണ്ടിവരും. അതിനാൽ സ്ഥിരപ്രവേശം എടുത്തവർ ശ്രദ്ധിച്ചുമാത്രം ഒന്നാം പ്രത്യേക അലോട്മെന്റിൽ ഓപ്ഷനുകൾ നൽകേണ്ടതാണ്. ഒരു തവണ ക്യാപിലൂടെ അപേക്ഷഫീസ് അടച്ച പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അവർക്കുള്ള ഒന്നാം പ്രത്യേക അലോട്മെന്റിൽ പങ്കെടുക്കാം.
സ്കൗട്സ് ആൻ്റ് ഗൈഡ്സ്, സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ്സ് | വിഭാഗങ്ങൾക്ക് ബിരുദ ഏകജാലക പ്രവേശനത്തിനായി ബോണസ് മാർക്ക് അനുവദിച്ചിട്ടുള്ളത് പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്കുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് മുതൽ പ്രാബല്യത്തിൽ വരുന്നതായതിനാൽ പ്രസ്തുത വിഭാഗത്തിൽ നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് ഒന്നാം പ്രത്യേക അലോട്മെന്റ് മുതലുള്ള അലോട്മെന്റുകളിൽ ഈ വിവരം ഓൺലൈൻ ആപ്ലിക്കേഷനിൽ നൽകുന്നതിന് സൗകര്യമുണ്ടായിരിക്കും. എന്നാൽ പ്രസ്തുത ബോണസ് മാർക്കിന് ഒന്നുമുതൽ നാലുവരെയുള്ള അലോട്മെന്റുകളിൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല.
