തിരുവനന്തപുരം: പരീക്ഷാ പേടിയകറ്റാനും തുടര്‍പഠനത്തിന്റെ സാധ്യതകള്‍ പരിചയപ്പെടാനും കഴിയുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരി ഗവര്‍മെന്റ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള 47 സ്‌കൂളുകളിലാണ് ക്ലാസുകള്‍ നടക്കുക. പത്താം ക്ലാസിലെയും ഹയര്‍ സെക്കന്‍ഡറിയിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ്. രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സലിങും നല്‍കുന്നുണ്ട്.
ഭയം കൂടാതെ പരീക്ഷ എഴുതി മികച്ച വിജയം നേടാന്‍ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നത് കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്നതിന് തുല്യമാണ്. ആവശ്യപ്പെടുന്ന മറ്റ് സ്‌കൂളുകളിലും ക്ലാസുകള്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് സന്നദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ആര്‍. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.എസ് ഷാജി, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ എല്‍. ഷീബ, ഗ്രാമ പഞ്ചായത്തംഗം നവാസ്, പ്രധാന അധ്യാപിക സുജാത ടീച്ചര്‍, പിടിഎ പ്രസിഡന്റ് സി.എച്ച്. റഷീദ്, കൗണ്‍സിലര്‍മാരായ ശ്രീഷ്മ ഹര്‍ഷന്‍, നിഷനായര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍ സുബ്രഹ്മണ്യ അയ്യര്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു.