ന്യൂഡൽഹി: എൻ.ഐ.ടി.കളിലും കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കാൻ ആവശ്യമുള്ള നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. പന്ത്രണ്ടാം ക്ലാസിൽ കുറഞ്ഞത് 75 ശതമാനം മാർക്കു വേണമെന്ന നിബന്ധനയിലാണ് ഇളവ്. ജെ.ഇ.ഇ. മെയിൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന എൻ.ഐ.ടി, ഐ.ഐ.ടി., സ്കൂൾ ഓഫ് പ്ലാനിങ്, സി.എഫ്.ടി.ഐ. എന്നിവിടങ്ങളിലായിരിക്കും ഇളവ് ബാധകമാവുക. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് കഴിഞ്ഞ വർഷത്തെ പ്രവേശനത്തിന് നൽകിയ ഇളവ് ഈ അധ്യയനവർഷവും ബാധകമാക്കുന്നതായി വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജെ.ഇ.ഇ. മെയിൻ പ്രവേശനപരീക്ഷയിലെ വിജയമാണ് മുഖ്യമായും കഴിഞ്ഞ തവണ പ്രവേശനത്തിന് അടിസ്ഥാനമാക്കിയത്. മെയിൻ പരീക്ഷയിലെ ഉയർന്ന സ്കോറിനൊപ്പം പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ചുരുങ്ങിയത് 75 ശതമാനം മാർക്കുകൂടി വേണമെന്നായിരുന്നു നേരത്തേയുള്ള നിബന്ധന. ഈ നിബന്ധനയിലാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്.
