പോളിടെക്‌നിക് കോളജുകളില്‍ രണ്ടാം സ്‌പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: പോളിടെക്‌നിക് കോളജുകളിലെ ഒഴിവുകള്‍ നികത്താന്‍ സംസ്ഥാനതലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 1 മുതല്‍ 2 വരെ രജിസ്ട്രര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ നമ്പറും, ജനനതിയതിയും നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാം.

ഡിസംബര്‍ 3,4,5 തിയതികളിലായാണ് സ്‌പോട്ട് അഡ്മിഷന്‍ നടക്കുക. അഡ്മിഷന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താല്‍പ്പര്യമുള്ള സ്ഥാപനത്തിന്റെ പേര് ഓണ്‍ലൈനായി സെലക്ട് ചെയ്യണം. ഒരാള്‍ക്ക് എത്ര സ്ഥാപനങ്ങള്‍ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. നിലവില്‍ ലഭ്യമായ ഒഴിവുകള്‍ കോളേജ് അടിസ്ഥാനത്തില്‍ പോളിടെക്‌നിക് ഔദ്യോഗിക വെബ്‌സൈറ്റിലെ vacancy position എന്ന ലിങ്കില്‍ ലഭ്യമാണ്. ഇത് കൃത്യമായി പരിശോധിച്ചതിനു ശേഷം മാത്രമേ ഓപ്ഷനുകള്‍ നല്‍കാവൂ. രണ്ടാം സ്‌പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്ട്രര്‍ ചെയ്തവരേ മാത്രമേ അഡ്മിഷന് പരിഗണിക്കൂ.

ഓരോ സ്ഥാപനത്തിലേക്കും രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തും. ഓരോ സ്ഥാപനത്തിലെയും സ്പോട്ട് അഡ്മിഷന്‍ നടത്തുന്ന സമയക്രമം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇവ പരിശോധിച്ചതിനു ശേഷം അപേക്ഷകര്‍ കൃത്യ സമയത്ത് ബന്ധപ്പെട്ട കോളേജുകളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share this post

scroll to top