തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണ് 64 കോടി രൂപ ചിലവിൽ ലോകോത്തര നിലവാരമുള്ള കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ അടക്കം ഒരുക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗുണനിലവാരവും അടിസ്ഥാന സൗകര്യത്തോടും കൂടി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന നാക് അക്രഡിറ്റേഷൻ നേടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 29 സർക്കാർ കോളജുകൾക്കാണ് നിലവിൽ നാക് അക്രഡിറ്റേഷനുള്ളത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് സർവകലാശാലകൾ, സർക്കാർ എയ്ഡഡ് കോളേജുകൾ എന്നിവയ്ക്ക് ഉയർന്ന നാക് ഗ്രേഡ് വേണം. ഇത്തരത്തിൽ ഉയർന്ന ഗ്രേഡുള്ള സ്ഥാപനങ്ങൾക്കാണ് റൂസ ഫണ്ട് ലഭിക്കുക. നിലവാരമുള്ള പഠനാന്തരീക്ഷത്തിനൊപ്പം ഗുണമേൻമയുള്ള വിദ്യാഭ്യാസവും സർക്കാർ ഉറപ്പുവരുത്തുന്നു. ഇതിനായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാകും റൂസയ്ക്ക് കീഴിൽ സംസ്ഥാനതല ഗുണനിലവാര ഉറപ്പുവരുത്തൽ സെല്ലും രൂപീകരിച്ചിരിക്കുന്നത്. കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക വികസനത്തിനും കിഫ്ബിയിൽ നിന്ന് 700 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി. കേരള ചരിത്രത്തിൽ ആദ്യമായാണ് ഉന്നതവിദ്യാഭ്യാസത്തിനു മാത്രമായി മന്ത്രാലയം നിലവിൽ വന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിൽ വിദൂരവിദ്യാഭ്യാസത്തിനു മാത്രമായി സർവകലാശാല ആരംഭിച്ചു. മലയാളം സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തു. സർക്കാർ ആർട്‌സ് കോളേജുകളിൽ 562 അധ്യാപകരേയും 436 അനധ്യാപകരേയും നിയമിച്ചു. അധ്യാപക, അനധ്യാപക വിഭാഗങ്ങളിലായി 400 പുതിയ തസ്തികകൾ സൃഷ്ടിച്ചു.
സംസ്ഥാനത്ത് പുതിയ മൂന്ന് സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജുകളും അഞ്ച് എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളും ആരംഭിച്ചു. വിവിധ സർക്കാർ കോളേജുകളിലായി 59 ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ തുടങ്ങി. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്വാശ്രയ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ അനുവദിച്ചു. ഇതിലൂടെ ബിരുദ, ബിരുദാനന്തരതലത്തിൽ 20000 സീറ്റുകളുടെ വർധനവുണ്ടായി. കോവിഡ് പശ്ചാത്തലത്തിൽ ഉപരിപഠനം സമ്പൂർണ ഡിജിറ്റൽ രീതിയിലേക്ക് മാറി. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ ഡിജിറ്റൽ പഠന രീതി രാജ്യത്തെ മികച്ച മാതൃകയാണ്. കലാലയളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ അറിവ്, യുക്തിബോധം, മാനവികത എന്നിവയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന അളവുകോൽ. ഒരു വിദ്യാർത്ഥിയെ മികച്ച മനുഷ്യനാക്കി മാറ്റുക എന്നതാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രണ്ടു എന്‍ജിനീയറിങ് കോളജുകള്‍, മൂന്ന് പോളിടെക്നിക് കോളജുകള്‍, അഞ്ചു ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ തുടങ്ങിയവയ്ക്ക് പുതിയ കെട്ടിട നിർമ്മാണം പൂർത്തിയായി. ഏകദേശം 64 കോടി രൂപ ചെലവിട്ടാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, ലബോറട്ടറികള്‍, ലൈബ്രറികള്‍, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍, സൗരോര്‍ജ ലാബുകള്‍, ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍, കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ തുടങ്ങിയ സംവിധാനങ്ങളും അവയുടെ തുടർപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.