ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്: കേരളവും ഹിമാചൽപ്രദേശും ഇന്ന് മാറ്റുരയ്ക്കും

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാംസ്കാരിക രംഗത്തെയും കലാ രംഗത്തെയും പരസ്പര വിനിമയം സംജാതമാകുന്ന ദിനം ഇന്ന്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തോടെ, സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്’ പരിപാടിയിലൂടെ കേരളവും ഹിമാചല്‍ പ്രദേശും ഇന്ന് മാറ്റുരയ്ക്കും. രാവിലെ 11 മണിയോടെ പരിപാടികൾക്ക് തുടക്കമാകും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പൊതുവിദ്യാലയങ്ങളിലെ തെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കേരളീയ ഗാന, നൃത്ത അവതരണവും ഹിമാചല്‍ പ്രദേശിലെ പരമ്പരാഗത നൃത്ത-ഗാന ആവിഷ്ക്കാരങ്ങളും കേരളം അവതരിപ്പിക്കും. ഹിമാചല്‍പ്രദേശില്‍ നിന്നുള്ള കുട്ടികള്‍ അവിടത്തേയും ഒപ്പം കേരളീയ അവതരണങ്ങളും നടത്തും. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമ സംവിധാനത്തിലൂടെയാണ് കുട്ടികള്‍ അവതരണങ്ങള്‍ നടത്തുന്നത്.

സാംസ്കാരിക വിനിമയ പരിപാടിയുടെ സംസ്ഥാനതല കേന്ദ്രീകൃതമായ അവതരണം സമഗ്രശിക്ഷാ കേരളയുടെ സംസ്ഥാന കാര്യാലയത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസികോല്ലാസത്തിനപ്പുറം തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ദേശീയതലത്തില്‍ തങ്ങളുടെ സര്‍ഗാത്മകമായതും നൈസര്‍ഗികവുമായ കലാ-സാംസ്കാരിക പ്രകടനങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ദേശീയ വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇരു സംസ്ഥാനങ്ങളുടെയും അവതരണങ്ങള്‍ ലൈവ് വെബ്കാസ്റ്റിംഗിലൂടെയാണ് നടക്കുന്നത്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശാനുസരണം സമഗ്രശിക്ഷാ, കേരളം സംസ്ഥാന കാര്യാലയത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 11 മണിയോടെ പരിപാടികൾക്ക് തുടക്കമാകും.

Share this post

scroll to top