ഏക് ഭാരത് ശ്രേഷ്ഠ ഭാരത്: സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കമായി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് സാംസ്കാരിക വിനിമയപരിപാടിക്ക് ഊഷ്മളമായ വരവേൽപ്പ്. കേരളവും ഹിമാചല്‍ പ്രദേശും തമ്മിലാണ് സംസ്ഥാനതലത്തില്‍ കലാ-സാംസ്കാരിക വിനിമയം നടന്നത്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ആശങ്ങൾ പങ്കുവെച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പൊതുവിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ കേരളീയ പരമ്പതാഗത നൃത്ത രൂപങ്ങളുടേയും,ഗാനങ്ങളുടേയും അവതരണങ്ങള്‍ നടത്തുകയുണ്ടായി.

പത്തനംതിട്ട ജില്ലയിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് ദിലീപ് അവതരിപ്പിച്ച പരുന്താട്ടത്തോടെയാണ് കേരളത്തിന്‍റെ അവതരണം ആരംഭിച്ചത്. കേരളത്തിന്‍റെ തനത് മോഹിനിയാട്ടം ഹിമാചല്‍ പ്രദേശിലെ ഷിംല, ടൂട്ടികണ്ടി സ്കൂള്‍ വിദ്യാര്‍ത്ഥിനി ദേവിക അവതരിപ്പിച്ചു. തുടര്‍ന്ന് 36 ഓളം കലാവിഭവങ്ങളുടെ അവതരണങ്ങള്‍ നടന്നു. ഹിമാചല്‍ പ്രദേശിലെ ശ്രദ്ധേയ പരമ്പരാഗത നൃത്തവിഭാഗമായ നാട്ടി പഹാഠി ഇനത്തില്‍ തിരുവനന്തപുരം പട്ടം ഗേള്‍സിലെ ആത്മജ പ്രമോദ്, അഷ്ടപതി വിഭാഗത്തില്‍ കുമരകം എസ്.കെ.എം.എച്ച്.എസ്.എസ് ലെ ദേവദത്തന്‍, ഓട്ടം തുള്ളല്‍ വിഭാഗത്തില്‍ കാസര്‍ഗോഡ് പീലിക്കോട് ജി.എച്ച്.എസ്.എസ് ലെ സൂര്യകിരണ്‍ തുടങ്ങിയവരടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി എഴുപത്തഞ്ചോളം കുട്ടികളാണ് പങ്കെടുത്തത്.

കോവിഡ്-19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സമഗ്ര ശിക്ഷായുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ മാധ്യമ സംവിധാനത്തിലൂടെയാണ് കുട്ടികള്‍ അവതരണങ്ങള്‍ നടത്തിയത്. സാംസ്കാരിക വിനിമയ പരിപാടിയുടെ സംസ്ഥാനതല കേന്ദ്രീകൃതമായ അവതരണം സമഗ്രശിക്ഷാ കേരളയുടെ സംസ്ഥാന കാര്യാലയത്തിലാണ് സജ്ജമാക്കിയിരുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിലേയും സമഗ്രശിക്ഷയുടേയും പ്രവര്‍ത്തകര്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കാളികളായി. മറ്റ് സംസ്ഥാനങ്ങളുടേയും സാംസ്കാരിക വിദ്യാഭ്യാസ വിനിമയ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷയും. കേരളത്തിനുവേണ്ടി പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീ.എ.ഷാജഹാന്‍ ഐ.എ.എസ്, സമഗ്ര ശിക്ഷാ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍, ഹിമാചല്‍ പ്രദേശ് പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീ.രാജീവ് ശര്‍മ്മ ഐ.എ.എസ്, പ്രോജക്ട് ഡയറക്ടര്‍ ശ്രീ.ആശിഷ് കോഹ്ലി തുടങ്ങിയവര്‍ സംസ്ഥാനങ്ങളുടെ പ്രത്യേകതകള്‍ വിവരിച്ചു. സമഗ്രശിക്ഷയുടെ അഡീഷണല്‍ ഡയറക്ടര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ബി.പി.സിമാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

Share this post

scroll to top