ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയിൽ ചരിത്ര വിജയം നേടി ഒഡിഷ സ്വദേശി ഷോയ്ബ് അഫ്താബ്. 720ൽ 720 മാർക്ക് നേടിയാണ്
റൂർക്കല സ്വദേശിയായ 18കാരന്റെ ചരിത്ര വിജയം. ഒക്ടോബർ 14ന് നടന്ന രണ്ടാംഘട്ട നീറ്റ് പരീക്ഷ എഴുതിയാണ് അഫ്താബ് ഒന്നാം റാങ്ക് നേടിയത്. മെഡിക്കൽ എൻട്രൻസ് ടെസ്റ്റിന്റെ ചരിത്രത്തിൽ മുഴുവൻ മാർക്കും നേടിയ ചരിത്രം ഇതുവരെ ആർക്കും ഉണ്ടായിട്ടില്ല.
എൻടിഎ അന്തിമ ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ താൻ മുഴുവൻ മാർക്കും നേടിയിട്ടുണ്ടെന്ന് കോട്ട ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കോച്ചിംഗ് എടുത്ത ഷോയിബിന് ഉത്തര സൂചികകൾ പരിശോധിച്ചതിൽ നിന്ന് ഉറപ്പുണ്ടായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് സെപ്റ്റംബർ 13ന് നടന്ന നീറ്റ് പരീക്ഷ എഴുതാൻ അഫ്താബിന് കഴിഞ്ഞിരുന്നില്ല. പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് സുപ്രീം കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയിലാണ് അഫ്താബ് ചരിത്രം കുറിച്ചത്.