തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 374274 ഡിജിറ്റൽ ഉപകരണങ്ങൾ വിന്യസിച്ചു നടപ്പാക്കിയ \’ഹൈടെക്ക് സ്കൂൾ, ഹൈടെക്ക് ലാബ് \’ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം
മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മറ്റെല്ലാ മേഖലയിലും എന്നപോലെ പൊതുവിദ്യാഭ്യാസ രംഗത്തും കേരളത്തിനു മികച്ച നേട്ടം കൈവരിക്കാനായെന്ന് പ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ ചിലവിലും കുറഞ്ഞ സമയം കൊണ്ടും ഈ നേട്ടം കൈവരിക്കാനായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓൺലൈൻ വഴിയാണ് പ്രഖ്യാപന ചടങ്ങുകൾ നടന്നത്. ഇതോടെ
സ്കൂൾ വിദ്യാഭ്യാസ മേഖല പൂർണ്ണമായി ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. 100 ഇന പരിപാടിയിലെ ഒരു സുപ്രധാന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. 8 മുതൽ 12 വരെയുള്ള 4752 സ്കൂളുകളിലെ 45000 ത്തിൽപ്പരം ക്ലാസുമുറികളിൽ ലാപ്പ്ടോപ്പ്, പ്രൊജക്ട്ർ, സ്ക്രീൻ എന്നിവ വിന്യസിക്കപ്പെട്ടു കഴിഞ്ഞു.
11275 എൽപി-യുപി സ്കൂളുകളിൽ ഒരു ക്ലാസുമുറിയെങ്കിലും സ്മാർട്ടായി. ഈ ക്ലാസുമുറികളിലായിരിക്കും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുക.
സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 41.01 ലക്ഷം കുട്ടികൾക്കായി 374274 ഉപകരണങ്ങൾ വിന്യസിച്ചു. 12678 സ്കൂളുകൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. ഉപകരണങ്ങൾക്ക് 5 വർഷ വാറണ്ടിയും ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പരാതി പരിഹാരത്തിന് വെബ്പോർട്ടലും കോൾസെന്ററും ഏർപ്പെടുത്തി. 119055 ലാപ്‍ടോപ്പുകള്‍, 69944 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 100473 യു എസ് ബി സ്പീക്കറുകള്‍ 43250 മൗണ്ടിംഗ് കിറ്റുകള്‍, 23098 സ്ക്രീന്‍, 4545 ടെലിവിഷന്‍, 4611 മള്‍ട്ടിഫംഗ്‍ഷന്‍ പ്രിന്റര്‍, 4720 എച്ച്.ഡി. വെബ്ക്യാം, 4578 ഡി.എസ്.എല്‍.ആര്‍. ക്യാമറ എന്നിവയാണ് സ്കൂളുകളിൽ വിന്യസിച്ച ഉപകരണങ്ങൾ.