തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാലയിൽ ഫീസ് ഓൺലൈനായി അടച്ച് ഒക്ടോബർ 13ന് വൈകിട്ട് നാലിനകം പ്രവേശനം കൺഫേം ചെയ്യണം. സ്ഥിരപ്രവേശനം നേടുന്നവർ കോളജുമായി ബന്ധപ്പെട്ട് നിശ്ചിത കോളജ് ഫീസ് അടച്ച് പ്രവേശനം സ്ഥിരപ്പെടുത്തണം.
നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കപ്പെടും.
കോളജുകൾ പ്രവേശനം കൺഫേം ചെയ്തതിന്റെ തെളിവായി കൺഫർമേഷൻ സ്ളിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ളിപ് ഇല്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സർവകലാശാല സ്വീകരിക്കില്ല.
ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനും ഒഴിവാക്കാനും ഒക്ടോബർ 14, 15 തീയതികളിൽ അവസരം ലഭിക്കും. നാലാം അലോട്ട്മെന്റ് ഒക്ടോബർ 19നകം പ്രസിദ്ധീകരിക്കും. ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഒക്ടോബർ 22ന് ആരംഭിക്കും.