തിരുവനന്തപുരം: കേരള എൻജിനീയറിങ് ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ കമ്മീഷണർക്ക് നൽകേണ്ട ഫീസ് ഓൺലൈനയോ തിരഞ്ഞെടുത്ത ഹെഡ് പോസ്റ്റ് ഓഫീസ് മുഖേനയോ 10 ന് വൈകീട്ട് 5 വരെ അടയ്ക്കാം. ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികൾ കമ്മീഷ്ണർക്ക് ഫീസ് അടക്കേണ്ടതില്ല. ആദ്യ അലോട്ട്മെന്റിൽ വിദ്യാർത്ഥികൾ കോളജിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല. നിശ്ചയിച്ച സമയത്തിനുള്ളിൽ ഫീസ് അടയ്ക്കാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാക്കും.
ഒന്നാംഘട്ട ഓപ്ഷൻ രജിസ്ട്രേഷനിൽ നിന്നും ഒഴിവാക്കിയ കോളജുകളെ ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം അലോട്ട്മെന്റിൽ താത്കാലികമായി ഉൾപ്പെടുത്തിയ 10 സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ പുതുതായി അനുവദിച്ച കോഴ്സിലേക്ക് അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്.
രണ്ടാംഘട്ട അലോട്ട്മെന്റ് ഒക്ടോബർ 12 മുതൽ ആരംഭിക്കും. രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ അതാത് കോളജുകളിൽ നേരിട്ട് പ്രവേശനം നേടണം.