തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നു.
ഫീസ് അടച്ച് ആറ് മാസം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ലഭിക്കാത്ത വിദ്യാർത്ഥികള്‍ നിരവധിയാണ്. ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ നല്‍കിയ വിദ്യാർത്ഥികളാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ കാത്തിരിക്കുന്നത്. വിദേശത്ത് ജോലി ലഭിച്ചവർ ഉള്‍പ്പെടെ അപേക്ഷ നല്‍കി എമര്‍ജന്‍സി ഫീസ് അടച്ചിട്ടും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുമെന്നിരിക്കെ വിദ്യാർത്ഥികൾ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളെ ആശ്രയിക്കാറാണ് പതിവ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം അവയും കിട്ടുന്നില്ലെന്ന പരാതിയാണ് വിദ്യാർത്ഥികൾക്ക്. അതേസമയം നിലവിൽ ബിരുദപഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വേഗത്തിൽ നൽകാനുള്ള സംവിധാനം ഡൽഹി സർവകലാശാലകൾ സ്വീകരിച്ചു കഴിഞ്ഞു. അപേക്ഷിച്ച് ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകിവരികയാണ് സർവകലാശാല.