
തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി പ്രവർത്തിക്കുന്ന ഐഐഎസ്‌ടിയിലെ അണ്ടർഗ്രാജ്വേറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം. ഒക്ടോബർ 7ന് ഉച്ചകഴിഞ്ഞ് 3 വരെ www.iist.ac.in & http://admission.iist.ac.in രജിസ്റ്റർ ചെയ്യാം. ബിടെക് എയ്റോസ്‌പേസ് എൻജിനീയറിങ്, ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഡ്യൂവെൽ ഡിഗ്രി (എംഎസ് അസ്ട്രോണമി & അസ്ട്രോഫിസിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ് അഥവാ എംടെക് എർത്ത് സിസ്റ്റം സയൻസ് / ഒപ്റ്റിക്കൽ എൻജിനീയറിങ്) എന്നിവയാണ് വിഷയങ്ങൾ.
പ്ലസ്ടു ജയിച്ച് ഈ വർഷത്തെ ജെഇഇ അഡ്വാൻസ്‌ഡിൽ 20 % എങ്കിലും മൊത്തം മാർക്ക് നേടണം. മാത്‌സ്, ഫിസിക്സ്, കെമിസ്എന്നിവയ്ക്കു 5 % വീതവും നേടണം. പിന്നാക്ക / സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 18 %, 4.5 % ,പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 10 %, 2.5 % വീതം മതി. പട്ടികഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു വർഷം ഇളവ് അനുവദിക്കും. 600 രൂപയാണ് രജിസ്ട്രേഷൻ ഫീ. എല്ലാ വിഭാഗങ്ങളിലുംപെട്ട പെൺകുട്ടികളും പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 300 രൂപയടച്ചാൽ മതി. ഐഐഎസ്ടി റാങ്ക്‌ലിസ്റ്റ് ഒക്ടോബർ 8നു വരും. 9 വരെ ബ്രാഞ്ച് പ്രിഫറൻസ് സമർപ്പിക്കാം. 10 മുതൽ സീറ്റ് അലോട്മെന്റ് / അക്സപ്റ്റൻസ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 256 8477.