
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ 80 ഗവണ്‍മെന്റ് എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്‌സിന് സർക്കാർ അനുമതി തേടാനൊരുങ്ങി സർവകലാശാല. സെപ്റ്റംബർ 25 ന് നടന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. ഇന്റഗ്രേറ്റഡ് ഡിഗ്രി പി.ജി. പ്രോഗ്രാമുകള്‍, ട്രിപ്പിള്‍ മെയിന്‍ യു.ജി. പ്രോഗ്രാമുകള്‍ എന്നിവ തുടങ്ങാനും ശുപാര്‍ശ ചെയ്യും. ജനറ്റിക് എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോകെമിസ്ട്രി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദബിരുദാന്തര കോഴ്‌സുകള്‍ ഇത്തരത്തില്‍ ആരംഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍.എസ്.എസ് ഭവന്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും പ്രയാസങ്ങള്‍ പരിഹരിക്കുക, ഒരേ സമയം 30 പേരുടെ സംശയങ്ങള്‍ക്ക് മറുപടി നൽകുക, പരീക്ഷാഭവന്‍, ജനറല്‍ ആന്റ് അക്കാഡമിക് വിഭാഗം, വിദൂരവിദ്യാഭ്യാസ വിഭാഗം തുടങ്ങിയവയിലെ സെക്ഷനുകളുമായി ബന്ധിപ്പിച്ച് പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡിജിറ്റല്‍ കോള്‍ സെന്റര്‍ തുടങ്ങാനും യോഗത്തിൽ തീരുമാനമായി.
