പ്ലസ്‌വൺ പ്രവേശനം: തെറ്റുകൾ തിരുത്താൻ അവസരമില്ലാതെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിന്  ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാമെന്നിരിക്കെ അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരമില്ലാതെ വിദ്യാർത്ഥികൾ. പ്രവേശന വിവരങ്ങൾ ഒരിക്കൽ സമർപ്പിച്ചു കഴിഞ്ഞാൽ തെറ്റുകൾ വന്നാൽ അപേക്ഷ നിലനിൽക്കില്ല. ശനിയാഴ്ച മുഖ്യഅലോട്ട്മെന്റ്  പ്രവേശനനടപടികൾ പൂർത്തിയാകാനിരിക്കെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളടക്കം അപേക്ഷ നിരസിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ അതാതുദിവസം തന്നെ ഓൺലൈനായി രേഖപ്പെടുത്തണമെന്ന നിർബന്ധം തെറ്റുകൾക്കിടയാക്കുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്. മുഖ്യ അലോട്ട്മെന്റിലെ പ്രവേശനനടപടികൾ പൂർത്തിയാക്കാൻ ആറുദിവസമുണ്ടായിട്ടും തിരുത്തലുകൾ വരുത്താൻ കഴിയാത്തത് പ്രയാസമുണ്ടാക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. എല്ലാ വർഷവും സ്കൂൾ തലത്തിൽ പരിശോധന നടത്തി തെറ്റുകൾ തിരുത്താറുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ വിവരം ഒരുതവണ രേഖപ്പെടുത്തിയാലും അന്തിമമായി ഉറപ്പാക്കുന്നതിനുമുമ്പ് മാറ്റങ്ങൾ വരുത്താനുള്ള സൗകര്യം മുൻവർഷങ്ങളിൽ നൽകിയിരുന്നു. താത്കാലികപ്രവേശനം നേടിയ വിദ്യാർഥിക്ക് പ്രവേശന തീയതികൾ അവസാനിക്കുന്നതിനുമുമ്പ് പ്രവേശനം സ്ഥിരപ്പെടുത്തുന്നതിനും തിരിച്ചും അവസരമുണ്ടായിരുന്നു. എന്നാൽ തെറ്റായ വിവരം നൽകിയത്തിന്റെ പേരിൽ പ്രവേശനം നിരസിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി ഘട്ടത്തിൽ വീണ്ടും അവസരം നൽകുമെന്ന് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

Share this post

scroll to top