
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ സ്വപ്നതുല്യമായ നേട്ടമാണ് തിരുവനന്തപുരം പേയാട് സ്വദേശി സഫ്ന നസറുദ്ദീന്റേത്. സിവിൽ സർവീസ് പരീക്ഷയിലെ ആദ്യശ്രമത്തിൽ തന്നെ 45-ാം റാങ്ക് സ്വന്തമാക്കാൻ ഈ ഇരുപത്തിമൂന്നുകാരിക്കായി. 2018-ൽ ബിരുദ പഠനം പൂർത്തിയാക്കിയ സഫ്ന സമയം കളയാതെ സിവിൽ സർവീസസ് പരിശീലനത്തിന് ചേരുകയായിരുന്നു. ചെറുപ്പം മുതൽ സിവിൽ സർവീസ് മനസ്സിലുണ്ടായിരുന്നു. പത്താം ക്ലാസ് വരെ തിരുവനന്തപുരം പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. ഹയർസെക്കൻഡറി പാങ്ങോട് കേന്ദ്രീയ വിദ്യാലയയിലും. 2015-ൽ ബി.എ. സാമ്പത്തികശാസ്ത്രത്തിന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ചേർന്നു. 2018-ൽ ഒന്നാം റാങ്കോടെ ബിരുദപഠനം പൂർത്തിയാക്കി. ഇതിനു ശേഷം ഒരു വർഷം തിരുവനന്തപുരം ഫോർച്യൂൺ അക്കാദമിയിലാണ് പരിശീലനം നടത്തിയത്.