തിരുവനന്തപുരം : ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ലളിതമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഓൺലൈൻ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതില്ല. അപേക്ഷ ഫീസ് പ്രവേശനഘട്ടത്തിൽ നൽകിയാൽ മതിയാകും.
ഏകജാലക വെബ്‌സൈറ്റിൽ അപേക്ഷാനടപടികൾ ആരംഭിക്കുമ്പോൾ എസ്.എസ്.എൽ.സി കഴിഞ്ഞവരാണെങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ അവരുടെ മാർക്ക് വിശദാംശങ്ങൾ സൈറ്റിൽ തന്നെ ലഭ്യമാകും.
അപേക്ഷ സമർപ്പണത്തിന് ശേഷം മൊബൈൽ വൺടൈം പാസ്സ്‌വേർഡ് (ഒ.ടി.പി)നൽകി സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും തുടർന്നുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ നടപടികൾ പൂർത്തിയാക്കിയാൽ അവയുടെ പ്രിൻറൗട്ട് എടുത്ത് സ്കൂളിൽ നൽകേണ്ടതില്ല.
കുട്ടികൾക്ക് നേരിട്ട് ഓൺലൈനായി അപേക്ഷ അയക്കാൻ കഴിയാത്ത പക്ഷം സ്കൂളുകളെ സമീപിക്കാം. ഇതിനായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് അധ്യാപകരും വിദ്യാർത്ഥികാലുമടങ്ങുന്ന ഹെല്പ് ഡെസ്കുകൾ ജൂലൈ 29 മുതൽ ഓഗസ്റ്റ് 14 വരെ സ്കൂളുകളിൽ പ്രവർത്തിക്കും.