തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ വഴി 9 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികൾക്കായി അനുവദിച്ച ഭക്ഷ്യകിറ്റുകളുടെ വിതരണം കാര്യക്ഷമമാക്കാൻ പിടിഎ അടക്കമുള്ള സംഘടനകളുടെ സഹകരണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യമായി അനുവദിക്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഫണ്ട് ഉൾപ്പടെ 81.37 കോടി രൂപ ചെലവിട്ടാണ് കിറ്റുകൾ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രീ-പ്രൈമറി കുട്ടികള്‍ക്കാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുക. പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്കുളള കിറ്റ് വിതരണം പിന്നീട് നടത്തും. ഇന്ന് മുതൽ സ്‌കൂളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ഭക്ഷ്യക്കിറ്റുകൾ കൈപ്പറ്റണം.
സര്‍ക്കാർ നിഷ്‌കര്‍ഷിച്ചിട്ടുളള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ സാമൂഹിക അകലവും പാലിച്ചുകൊണ്ടുവേണം അധ്യാപകർ കിറ്റുകൾ വിതരണം നടത്താൻ.