തിരുവനന്തപുരം: ഈ അക്കാദമിക വര്‍ഷത്തിൽ സമഗ്ര ശിക്ഷാ കേരളം സമര്‍പ്പിച്ച പദ്ധതിയിൽ 839.18 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ഇന്ന് നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍റെ പ്രോജക്ട് അപ്രൂവൽ ബോര്‍ഡ് 839.18 രൂപയുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയത്. കേരളം 1334.19 കോടിയുടെ രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചിരുന്നത്. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം 717.97 കോടി രൂപയും മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് 121.21 കോടി രൂപയുമാണ് കേന്ദ്രം അംഗീകരിച്ചത്. പ്രീ-പ്രൈമറി മുതൽ ഹയര്‍ സെക്കന്‍ററി വരെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യവികസനം, ടീച്ചര്‍ എഡ്യൂക്കേഷന്‍, ഡയറ്റുകളുടെ ശക്തീകരണം എന്നിവയ്ക്കാണ് പ്രസ്തുത തുക അനുവദിച്ചിട്ടുള്ളത്.
പ്രീ-പ്രൈമറി, സെക്കണ്ടറി, ഹയര്‍സെക്കണ്ടറി മേഖലകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. ഇതിൽ പഠനപോഷണപരിപാടികളുടെ തുടര്‍ച്ചയ്ക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദവിദ്യാലയ അന്തരീക്ഷം കാര്യക്ഷമമാക്കുന്നതിനും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് തനതായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും കൂടുതൽ തുക ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഫിസിക്കൽ എഡ്യൂക്കേഷന്‍, വിദ്യാലയ വിലയിരുത്തൽ, നാഷണൽ അച്ചീവ്മെന്‍റ് സര്‍വെയുടെ അടിസ്ഥാനത്തിൽ പഠനവിടവുകള്‍ പരിഹരിക്കൽ, മൂല്യനിര്‍ണയം ശക്തിപ്പെടുത്തൽ, ഗുണതവര്‍ധിപ്പിക്കൽ തുടങ്ങിയവയ്ക്കും പ്രത്യേകം തുക ലഭിച്ചിട്ടുണ്ട്.
എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തിൽ ടീച്ചര്‍ എഡ്യൂക്കേഷന്‍ മെച്ചപ്പെടുത്തുന്നതിനും ഡയറ്റുകളെ ശാക്തീകരിക്കുന്നതിനും ഈ വര്‍ഷത്തെ പദ്ധതിയിൽ അനുമതി ലഭിച്ചിട്ടുണ്ട്. വിദ്യാലയ ഭൗതികവികാസത്തിന് പ്രത്യേകം പണം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയത്തോടൊപ്പം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമായ എയ്ഡഡ് സ്കൂളുകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം ഉന്നത തലത്തിൽ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് കേന്ദ്രം അറിയിച്ചു.
കേരളത്തെ പ്രതിനിധീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ.എ.ഷാജഹാന്‍, ഐ.എ.എസ്., പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. ജീവന്‍ ബാബു കെ. ഐ.എ.എസ്. സമഗ്ര ശിക്ഷാ, കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി. കുട്ടിക്കൃഷ്ണന്‍, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍
ഡോ. ജെ. പ്രസാദ് എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
ഓരോ മേഖലയിലും അനുമതി ലഭിച്ച തുക ചുവടെ ചേര്‍ക്കുന്നു.