തിരുവനന്തപുരം: ഇന്ന് വായനാദിനം..മലയാളികളിൽ വായനാശീലം വളർത്തിയെടുത്ത പി.എൻ.പണിക്കരുടെ അനുസ്മരണ ദിനം.
1996 മുതൽ സംസ്ഥാന സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുകയാണ്. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വിദ്യാഭ്യാസ വകുപ്പ് വായനാവാരമായും ആചരിക്കുന്നു. വിദ്യാർത്ഥികൾക്കായി മന്ത്രി സി. രവീന്ദ്രനാഥ് വായനാദിന സന്ദേശം നൽകി. www.pnpanickerfoundation.org എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന് വായനാദിന പ്രതിജ്ഞ എടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രശ്‍നോത്തരി, ഉപന്യാസം, കഥ പറച്ചിൽ, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങളിലും വെബിനാറുകളിലും പങ്കെടുക്കാം.
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിച്ചുവരുന്നു. 1909 മാർച്ച് 1ന് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിൽ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായിട്ടാണ് പി.എൻ.പണിക്കരുടെ ജനനം. സുഹൃത്തുക്കൾക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ \’സനാതനധർമം\’ വായനശാല ആരംഭിച്ചു. ഇതിലൂടെയാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. കേരളത്തിലുടനീളം സഞ്ചരിച്ച് \’വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക\’എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു. 1995 ജൂണ്‍ 19ന് അദ്ദേഹം വിടപറഞ്ഞു. \’വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും.. വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും\’. വായനയുടെ മാഹാത്മ്യത്തെ കുറിച്ച് കുഞ്ഞുണ്ണി മാഷ് കുറിച്ച വരികളും വായനാദിനത്തിൽ നാം ഓർക്കേണ്ടതാണ്.