തിരുവനന്തപുരം : പ്രത്യേക പരിഗണന ലഭിക്കേണ്ട ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ് -\’വൈറ്റ് ബോർഡ്\’ ഇന്ന് മുതൽ ആരംഭിക്കും. സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിൽപ്പെട്ട കുട്ടികളെയും പ്രത്യേകമായി പരിഗണിച്ചു കൊണ്ട് അനുയോജ്യമായ പഠന വിഭവങ്ങളാണ് പദ്ധതിയിൽ തയ്യാറാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒന്ന് മുതൽ ഏഴു വരെയുള്ള വിദ്യാർഥികൾക്കാണ് വൈറ്റ് ബോർഡിലൂടെ ക്ലാസുകൾ നൽകുക. വിദ്യാർത്ഥികൾക്കായി മുഴുവൻ ഭാഷാ വിഷയങ്ങളും ശാസ്ത്ര വിഷയങ്ങളും അനുരൂപീകരണത്തിന് വിധേയമാക്കും.
സമഗ്ര ശിക്ഷ കേരളയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 168 ബി ആർ സികൾ കേന്ദ്രീകരിച്ച് 2500 റിസോഴ്സ് അധ്യാപകരുടെയും പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരുടെയും സഹായത്തോടെയാണ് പഠന വിഭവങ്ങൾ തയ്യാറാക്കിയത്. ഇത്തരത്തിൽ തയ്യാറാകുന്ന പഠന വിഭവങ്ങൾ ടെലിഗ്രാം, യുട്യൂബ് എന്നിവ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ലഭ്യമാകും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30ന് നിർവഹിക്കും. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനാകും.