തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാൻ കഴിയുന്നുണ്ടെന്ന് അടുത്ത മൂന്ന് ദിവസത്തിനകം അതത് സ്കൂൾ അധ്യാപകർ ഉറപ്പാക്കണമെന്നും ഇതിനു ശേഷം യഥാർത്ഥ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ്. ആദ്യ ആഴ്ചയിലെ ട്രയൽ ക്ലാസുകൾ നാളെ മുതൽ വീണ്ടും ആരംഭിക്കുമ്പോൾ മുഴുവൻ അധ്യാപകരും ആ ക്ലാസുകൾ തങ്ങളുടെ വിദ്യാർത്ഥികൾക്ക് കാണാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണം. അടുത്ത മൂന്ന് ദിവസത്തിനകം എല്ലാ വിദ്യാർത്ഥികളിലും ക്ലാസുകൾ എത്തണം. നാളെ മുതൽ ഇതിനായി സംസ്ഥാനത്തെ മുഴുവൻ അധ്യാപകരും കർശനമായി പരിശ്രമിക്കണം. തങ്ങളുടെ ക്ലാസിലെ ഏത് വിദ്യാർത്ഥിക്കാണ് ഓൺലൈൻ ക്ലാസ് കാണാൻ കഴിയാത്തത് എന്ന് കൃത്യമായി ഓരോ അധ്യാപകനും മനസിലാക്കണം. മുൻപ് ഇതിന്റെ കണക്ക് എടുത്തിട്ടുണ്ടെങ്കിലും ഒന്നുകൂടി ഇത് ഉറപ്പാക്കണം. പ്രധാന അധ്യാപകർ ഇതിനു നേതൃത്വം നൽകണം. നാളെ കഴിഞ്ഞ് അടുത്ത ദിവസം ഓരോ സ്കൂളിലെയും അധ്യാപകർ ഓൺലൈനിലോ കഴിയുമെങ്കിൽ നേരിട്ടോ ഒത്തുചേരണം. ക്ലാസുകൾ ലഭിക്കാത്ത കുട്ടികളുടെ വിവരങ്ങൾ പരസ്പരം പങ്കുവച്ച് അത് പരിഹരിക്കാൻ പദ്ധതി തയ്യാറാക്കണം. ഇത് സ്കൂളിന്റെ ചുമതലയായി കണക്കാക്കണം. തങ്ങളുടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥിക്കും ക്ലാസുകൾ കാണാൻ പറ്റി എന്ന് ഉറപ്പാക്കണം. നാളെ മുതൽ തന്നെ ഇതിനുള്ള നടപടി ആരംഭിക്കണം. ക്ലാസുകൾ ലഭ്യമല്ലാത്ത കുട്ടികളുടെ വിവരങ്ങൾ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ അടക്കമുള്ള ജനപ്രതിനിധികളുടെയും സഹകരണ സംഘം പ്രസിഡന്റ് മാരുടെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരുടെയും മുന്നിൽ പങ്കുവെക്കണം. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ചർച്ചയിലൂടെ തീരുമാനിക്കാം. പല സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ക്ലാസുകൾ കാണാനുള്ള സംവിധാനം ഉണ്ട്. കുട്ടികൾക്ക് ടിവി സ്പോൺസർ ചെയ്യാൻ ഒട്ടേറെ സംവിധാനങ്ങൾ ഉണ്ട്. കേബിൾ ഓപ്പറേറ്റർമാർ സൗജന്യ കണക്ഷൻ നൽകുന്നുണ്ട്. എല്ലാ ഡിടിഎച്ച് സംവിധാനത്തിലും വിക്ടേഴ്‌സ് ലഭിക്കുണ്ട്. ഒറ്റക്കോ അല്ലെങ്കിൽ പൊതു കേന്ദ്രങ്ങളിലോ ക്ലാസ് കാണാനുള്ള ക്രമീകരണം നടത്താം. ഈ സംവിധാനങ്ങൾ ക്രമീകരിക്കാൻ പരമാവധി ബുധനാഴ്ച്ച വരെ സമയമുണ്ട്. അതിനു ശേഷം മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ ലഭ്യമാകണം. ഇത് പൂർത്തിയായാൽ യഥാർത്ഥ പഠനം ആരംഭിക്കുമെന്നും ക്ലാസുകൾ ആർക്കും നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.