ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ‘തുപ്പല്ലേ..തോറ്റുപോകും’ എന്ന ശീർഷകത്തിലാണ് രണ്ടാംഘട്ടം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. നാളെ മുതൽ സംസ്ഥാനത്ത് മാസ്ക് (മുഖാവരണം) നിർബന്ധമാക്കി. മാസ്ക് ധരിക്കാതെ പൊതുഇടങ്ങളിലും ജോലി സ്ഥലങ്ങളിലും എത്തുന്നവരിൽ നിന്ന് 200 രൂപ പിഴ ഈടാക്കും. വീണ്ടും മാസ്ക് ധരിക്കാതെ പിടിച്ചാൽ 5000 രൂപ പിഴ അടക്കണമെന്ന് ഡിജിപി അറിയിച്ചു. കോവിഡ്-19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ല. ഇത് മുന്നില്‍ക്കണ്ടാണ് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് രൂപം നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണമുണ്ടാക്കാന്‍ ‘തുപ്പല്ലേ തോറ്റുപോകും’ എന്ന സന്ദേശം നല്‍കുന്നതാണ് കാമ്പയിന്‍

പൊതുജനങ്ങൾ കര്‍ശനമായി പാലിക്കേണ്ട 10 കാര്യങ്ങള്‍ ഇവയാണ് :

  1. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
  2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക.
  3. സാമൂഹിക അകലം പാലിക്കുക.
  4. മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിച്ചെറിയരുത്.
  5. പരമാവധി യാത്രകള്‍ ഒഴിവാക്കുക.
  6. വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട് വിട്ട് പുറത്തിറങ്ങരുത്.
  7. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടരുത്.
  8. പൊതുഇടങ്ങളില്‍ തുപ്പരുത്.
  9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക.
  10. ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക.

സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു.

Share this post

scroll to top