തിരുവനന്തപുരം:KEAM 2023 മുഖേന എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്ക് അപേക്ഷ നൽകുകയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളജുകളിലെ എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് അർഹത നേടുന്നതിന് അവശ്യമായ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്ത വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം നൽകിയ എൻ.ആർ.ഐ സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിന് അവസാനമായി ഒരു അവസരം കൂടി നൽകുന്നു. സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ അപാകതയുള്ള വിദ്യാർഥികൾക്ക് അപാകതകൾ പരിഹരിക്കുന്നതിനാവശ്യമായ വിവിധ രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന ജൂലൈ 28ന് വൈകീട്ട് നാലുരെ നൽകാം. അപാകതകൾ പരിഹരിക്കാത്ത വിദ്യാർഥികളെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്ക് ഓപ്ഷൻ നടപടികൾ ആരംഭിക്കുന്ന സമയം എൻ.ആർ.ഐ കാറ്റഗറിയിലേക്ക് താൽകാലികമായി ഓപ്ഷൻ നൽകാൻ അനുവദിക്കുന്നതും മേൽ തീയതിക്കകം എൻ.ആർ.ഐ കാറ്റഗറിയിലെ അപാകതകൾ പരിഹരിക്കാത്ത പക്ഷം എൻ.ആർ.ഐ സീറ്റുകളിലേക്ക് അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന അവസരമാണിതെന്നും എൻ.ആർ.ഐ സർട്ടിഫിക്കറ്റുകളിൽ അപാകതകൾ പരിഹരിക്കുന്നതിന് ഇതിനു ശേഷം സമയം അനുവദിക്കില്ലെന്നും വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.