കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജിയിലെ 14 വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളില്‍ ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടു. എം.ടെക്, എം.എസ്.സി കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസാന വര്‍ഷ ഇന്‍റേണ്‍ഷിപ്പിന്‍റെ ഭാഗമായി അമേരിക്ക, പോളണ്ട്, ജര്‍മനി, ഓസ്ട്രേലിയ, തായ് വാന്‍ എന്നീ രാജ്യങ്ങളില്‍ ഫെലോഷിപ്പ് ലഭിച്ചത്. എം.എസ്.സി വിദ്യാര്‍ഥികളില്‍ ഒരാള്‍ പൂനെയിലെ നാഷണല്‍ കെമിക്കല്‍ ലാബോറട്ടറിയില്‍ ഗവേഷണം നടത്തും.
ട്രീസ എം. റെജി (ഡ്രെക്സസ് സര്‍വകലാശാല, അമേരിക്ക), ജെ.എസ്. അശ്വതി, വി. ശ്രീലക്ഷ്മി( ഫ്രിഡ്റിച്ച് അലക്സാണ്ടര്‍ സര്‍വകലാശാല, ജര്‍മനി), അര്‍ജുന്‍ ജെ. നായര്‍, പി.എസ്. ആരതി(ടാസ്മാനിയ സര്‍വകലാശാല, ഓസ്ട്രേലിയ), കെ.എം. അമിത് , അബിന്‍ രാജ് (സിലേഷ്യ സര്‍വകലാശാല പോളണ്ട്) എന്നിവരാണ് ഫെലോഷിപ്പിന് അര്‍ഹരായ എം.ടെക് വിദ്യാര്‍ഥികള്‍.
എം.എസ്.സി വിദ്യാര്‍ഥികളായ നിഖില്‍ ചെറിയാന്‍ ജേക്കബ്, ശ്രീലക്ഷ്മി ജയദാസ്, കെ.എസ്. ശ്രീലക്ഷ്മി കെ.എസ്, തേജ രാജേഷ് എന്നിവര്‍ തായ് വാനിലെ നാഷണല്‍ സണ്‍ യാത്സണ്‍ യൂണിവേഴ്സിറ്റിയിലും എം.വി. പാര്‍വതി, സ്നേഹ ജെയിംസ് എന്നിവര്‍ ഓസ്ട്രേലിയയിലെ ക്യുന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലും അഭയ് രാജു നാഷണല്‍ തായ് വാന്‍ സര്‍വകലാശാലയിലും പഠനം നടത്തും. ആനിറ്റ് മരിയ ജോസഫാണ് നാഷണല്‍ കെമിക്കല്‍ ലാബോറട്ടിയില്‍ ഇന്‍റേണ്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടത്.
2019ല്‍ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഡയറക്ടറായി പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി ചുരുങ്ങിയ കാലംകൊണ്ട് ഈ മേഖലയില്‍ രാജ്യത്തെ മികച്ച പഠന, ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. മുന്‍ വര്‍ഷങ്ങളിലും ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് വിദേശ രാജ്യാന്തര തലത്തിലെ പ്രശസ്ത സര്‍വകലാശാലകളില്‍ ഫെലോഷിപ്പ് ലഭിച്ചിരുന്നു.
എ.ടെക്കിനു പുറമെ നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജിയില്‍ സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്.സി ഫിസിക്സ്, കെമിസ്ട്രി കോഴ്സുകളും ഇവിടെയുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ഫിസിക്സ,് കെമിസ്ട്രി എന്നിവയില്‍ ജോയിന്‍റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചു. അത്യാധുനിക ലാബ് സൗകര്യം, സംയുക്ത ഗവേഷണ പദ്ധതികള്‍, മികച്ച തൊഴിവസരം, വിദേശ സര്‍വകലാശാലകളില്‍ ഗവേഷണ സാധ്യതകള്‍ എന്നിവ കോഴ്സുകളുടെ പ്രത്യേകതയാണെന്ന് ജോയിന്‍റ് ഡയറക്ടര്‍ ഡോ. എം.എസ്. ശ്രീകല പറഞ്ഞു.