SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:ഡോ. സി.ടി. അരവിന്ദകുമാര്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തു. പുതിയ വൈസ് ചാന്‍സലറെ നിയമിക്കുന്നതുവരെ ഡോ. അരവിന്ദകുമാറിന് ചുമതല നല്‍കിക്കൊണ്ട് ഇന്നലെ(ജൂണ്‍ 5) യാണ് ഗവര്‍ണര്‍ ഉത്തരവായത്.
ഉച്ചകഴിഞ്ഞ് വൈസ് ചാന്‍സലറുടെ കാര്യാലയത്തിലെത്തിയ അദ്ദേഹത്തെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, വകുപ്പ് മേധാവിധികള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ഓഫീസ് വളപ്പില്‍ ഡോ. അരവിന്ദകുമാര്‍ വൃക്ഷത്തൈ നട്ടു.
2019 മുതല്‍ നാലു വര്‍ഷം സര്‍വകലാശാലയുടെ പ്രോ-വൈസ് ചാന്‍ന്‍സലായിരുന്ന അദ്ദേഹത്തിന്‍റെ സേവന കാലാവധി മെയ് 27നാണ് പൂര്‍ത്തിയായത്. നിലവില്‍ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസില്‍ സീനിയര്‍ പ്രഫസറാണ്. ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ പോളാര്‍ സ്റ്റഡീസ്, ഇന്‍റര്‍ യൂണിവേഴ്സിറ്റി ഇന്‍സ്ട്രൂമെന്‍റേഷന്‍ സെന്‍റര്‍, സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റ് ഫെസിലിറ്റി എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നുള്ള എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പൂനെ സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി നേടിയ ഡോ അരവിന്ദകുമാറിന്‍റെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം ബെല്‍ജിയത്തിലെ ല്യൂവെന്‍ സര്‍വകലാശാല, ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, നെതര്‍ലാന്‍ഡ്സിലെ ഫ്രീ യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലായിരുന്നു.
പതിനാറ് രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രഫസറും വിസിറ്റിംഗ് സയന്‍റിസ്റ്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ പാരിസ് സര്‍വകലാശാലയില്‍നിന്ന് രണ്ടു തവണ ഫുള്‍ വിസിറ്റിംഗ് പ്രഫസര്‍ പദവി ലഭിച്ചു. ദേശിയ, രാജ്യാന്തര തലങ്ങളില്‍ പതിനഞ്ചോളം സംയുക്ത സംരംഭങ്ങളുടെ ഭാഗമായി.
രാജ്യാന്തര തലത്തില്‍ നാനൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇരുപത് പ്രധാന ഗവേഷണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. അമേരിക്കയിലെ ഡ്യൂക്ക് സര്‍വകലാശാല കേന്ദ്രീകരിച്ചുള്ള വിഖ്യാതമായ ഒബാമ-സിംഗ് ട്വന്‍റിഫസ്റ്റ് സെഞ്ചുറി നോളജ് ഇനിഷ്യേറ്റീവും ഇതില്‍ ഉള്‍പ്പെടുന്നു. മുപ്പതുപേരുടെ പി.എച്ച്.ഡി ഗവേഷണ ഗൈഡായി പ്രവര്‍ത്തിച്ചു.
2015ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ചേര്‍ന്ന് സസ്റ്റൈനബിള്‍ ടോയ് ലറ്റ് സിസ്റ്റം വികസിപ്പിക്കുന്നതില്‍ പങ്കാളിയായ ഇദ്ദേഹേം 2017 ജൂലൈയിലെ ഇന്ത്യയുടെ ആര്‍ട്ടിക് പര്യവേഷണ സംഘത്തെ നയിച്ചു. 2019ല്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍റെ ലീഡര്‍ഷിപ്പ് ഫോര്‍ അക്കാദമിക്സ് പ്രോഗ്രാമിനും 2019ല്‍ യൂറോപ്യന്‍ യൂണിയന്‍റെ എറാസ്മെസ് ഫെലോഷിപ്പിനും തിരഞ്ഞെടുക്കപ്പെട്ടു.
പരിസ്ഥിതി ഗവേഷണവുമായി ബന്ധപ്പെട്ട നിവവധി ദേശീയ രാജ്യാന്തര ഗ്രൂപ്പുകളില്‍ വിദഗ്ധ അംഗമാണ്. 2022ല്‍ ഇന്ത്യയുടെ അന്‍റാര്‍ട്ടിക് പര്യവേഷണ പദ്ധതികളുടെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള കമ്മിറ്റിയുടെ ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഈ വര്‍ഷം ആദ്യം വിഖ്യാതമായ ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്പിന് ഡോ. അരവിന്ദകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.