SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം: 662 ഡിപ്ലോമ, 13601 ഡിഗ്രി, 243 പി.ജി., 49 പി.എച്ച്.ഡി. ഉള്‍പ്പെടെ 14555 ബിരുദങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗീകാരം നല്‍കി. പുതിയ അക്കാദമിക് വര്‍ഷത്തെ പരീക്ഷാ കലണ്ടര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. നിലവില്‍ ബാക്കിയുള്ള പരീക്ഷകളും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പരീക്ഷകളുമെല്ലാം ഉള്‍പ്പെടുന്നതാണ് കലണ്ടര്‍. ഇതോടൊപ്പം കലാ-കായിക മത്സരങ്ങള്‍, യൂണിയന്‍ തിരഞ്ഞെടുപ്പ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതിന് വൈസ്ചാന്‍സലര്‍ നിര്‍ദേശം നല്‍കി. പരീക്ഷകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് വഴി സമയബന്ധിതമായി നടത്തുന്നതിനും മാറ്റിവെക്കലുകള്‍ ഒഴിവാക്കാനും കഴിയും. പി.എസ്.സി. പോലുള്ള സ്ഥാപനങ്ങള്‍ക്ക് കൂടി കലണ്ടര്‍ ലഭ്യമാക്കി വിദ്യാര്‍ഥികളുടെ മത്സര പരീക്ഷാ അവസരങ്ങള്‍ നഷ്ടമാകുന്നത് ഒഴിവാക്കാനും സാഹചര്യമുണ്ടാകും. പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി ഫലപ്രഖ്യാപനം വേഗത്തിലാക്കിക്കൊണ്ടിരിക്കുകയാണ് സര്‍വകലാശാല.
ചോദ്യക്കടലാസ് ഓണ്‍ലൈനില്‍ നല്‍കല്‍, ഫാള്‍സ് നമ്പറിന് പകരം ബാര്‍കോഡിങ്, മൂല്യനിര്‍ണയ കേന്ദ്രത്തില്‍ നിന്നു തന്നെ മാര്‍ക്ക് ചേര്‍ക്കാന്‍ മൊബൈല്‍ ആപ്പ് തുടങ്ങിയവ പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനും വേഗം നല്‍കിക്കഴിഞ്ഞു. കലണ്ടര്‍ കൂടി വരുന്നതോടെ ഇവ അതിവേഗത്തിലാകും. കലണ്ടര്‍ സര്‍വകലാശാലാ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റ് പരീക്ഷാ സ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.