തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് /ഗവ അംഗീകൃത പ്രൈവറ്റ് ഫാഷൻ ഡിസൈനിങ് സ്‌കൂൾ എന്നിവ നടത്തുന്ന 2വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 28 വരെ നീട്ടി. അപേക്ഷാഫോമും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് ആയി 25 രൂപ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ 28ന് വൈകിട്ട് നാലുമണിക്കുള്ളിൽ സമർപ്പിക്കണം. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാസമർപ്പണത്തിനും അഡ്മിഷൻ പ്രക്രിയയിലും കോവിഡ് ആരോഗ്യസുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണ മേഖലകളിൽ വൈദഗ്ധ്യം നേടുന്നതിനോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം നേടാൻ അവസരം ലഭിക്കും. വസ്ത്ര നിർമ്മാണ മേഖലയിലെ പുതിയ മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി 2017 ൽ കരിക്കുലം പരിഷ്‌ക്കരിച്ചിട്ടുണ്ട്. ആറാഴ്ച നീളുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കാനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും കോഴ്സിന്റെ സവിശേഷതയാണ്. ജോലിക്ക് പുറമേ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാനും വിദ്യാർത്ഥികൾക്ക് കോഴ്സ് സഹായമാകും.