ന്യൂഡൽഹി: എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലേക്ക് ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തുന്ന 2020-ലെ അലോട്ട്മെന്റ് നടപടികൾ https://josaa.nic.in/ ൽ തുടങ്ങി. ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കി 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജികൾ (ഐ.ഐ.ടി.), ജെ.ഇ.ഇ. മെയിൻ റാങ്ക് പട്ടികകൾ പരിഗണിച്ച് 31 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജികൾ (എൻ.ഐ.ടി.), 26 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജികൾ (ഐ.ഐ.ഐ.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.ഇ. എസ്.ടി),
29 ഗവൺമെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (ജി.എഫ്.ടി.ഐ.)-(നാലുംകൂടി എൻ.ഐ.ടി. വിഭാഗം) എന്നിവയിലെ അലോട്ട്മെന്റുകളാണ് ഈ സംയുക്ത കൗൺസലിങ് പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നത്. പങ്കെടുക്കാൻ അർഹതയുള്ളവർക്ക് റാങ്ക് പട്ടികകൾക്കനുസരിച്ച് ചോയ്സ് ഫില്ലിങ് നടത്താം. ജെ.ഇ.ഇ. അഡ്വാൻസ്ഡ് യോഗ്യത നേടിയവർക്ക് ഐ.ഐ.ടി.കളിലെ ബി.ആർക്ക് പ്രവേശനത്തിൽ താത്പര്യമുണ്ടെങ്കിൽ ഐ.ഐ.ടി., ഒക്ടോബർ എട്ടിന് നടത്തുന്ന ആർക്കിടെക്ചർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് (എ.എ.ടി.)ന് ഒക്ടോബർ 6-ന് രാത്രി 11.59-നകം //cportal.jeeadv.ac.in-ൽ രജിസ്റ്റർചെയ്ത് പരീക്ഷ അഭിമുഖീകരിച്ച് യോഗ്യത നേടണം.