കോട്ടയം : എംജി സർവകലാശാലകളുടെ വിവിധ പ്രോഗ്രാമുകളിലെ സെമസ്‌റ്റർ പരീക്ഷകൾ വൈകിപ്പിക്കുന്നത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത്. ഇതിനായി പോരാട്ടം എന്ന പേരിൽ പുതിയ പ്രതിഷേധ കൂട്ടായ്‌മ രൂപികരിച്ചു. പരീക്ഷകളുടെ സമയക്രമം പാലിക്കാത്തതിനാൽ ഭാവി അനിശ്ചിതത്തിലാകുകയാണെന്നു വിദ്യാർത്ഥികൾ പറയുന്നു. സർവകലാശാലയ്ക്ക് കീഴിലുള്ള ഭാരതമാതാ ലോ കോളജ് ആലുവ, സിഎസ്ഐ ലോ കോളജ് കോട്ടയം, അൽ അസർ ലോ കോളജ് തൊടുപുഴ, മൗണ്ട് സിയോൺ ലോ കോളജ് കടമ്മനിട്ട, കോ ഓപറേറ്റീവ് കോളജ് തൊടുപുഴ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നത്.
10 സെമസ്റ്ററുകളാണ് നിയമ ബിരുദ കോഴ്സിനുള്ളത്. 5 വർഷമാണ് കാലയളവ്. ഈ വർഷം എല്ലാ സെമസ്റ്റർ പരീക്ഷകളും പൂർത്തിയാക്കി ബിരുദ പഠനം കഴിയേണ്ട വിദ്യാർത്ഥികളുടെ 9,10 സെമസ്റ്റർ പരീക്ഷകൾ ഇതുവരെ സർവകലാശാല നടത്തിയിട്ടില്ല.
ആറാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് 4 മുതൽ 6 വരെയുള്ള സെമസ്റ്റർ പരീക്ഷകൾ ബാക്കിയുണ്ട്. നാലാം സെമസ്റ്റർ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഇതുവരെ ഒരു പരീക്ഷ മാത്രമാണ് നടത്തിയത്. നടത്തിയ പരീക്ഷകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുമില്ല.