[adning id="32774"]
ബംഗളൂരു: എസ്എസ്എൽസി പരീക്ഷകളിൽ 60 ശതമാനത്തിൽ താഴെ വിജയശതമാനം രേഖപ്പെടുത്തിയ ഗവ, എയ്ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകർക്ക് കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്. 2025ൽ നടന്ന പൊതുപരീക്ഷയിൽ സ്കൂളുകളുടെ മോശം പ്രകടനത്തിന് വിശദീകരണം തേടിയാണ് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചത്. വിജയശതമാനം 60ൽ താഴെയായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പട്ടിക തയാറാക്കാനും ഈ അധ്യാപകരുടെ ശമ്പളവർധന തടഞ്ഞുവെക്കാൻ ശുപാർശ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് വർഷമായി എസ്എസ്എൽസി പരീക്ഷകളിൽ വിജയശതമാനം 50ൽ താഴെയായ എയ്ഡഡ് സ്കൂളുകളുടെ ഗ്രാൻഡുകൾ തടഞ്ഞുവെക്കും.
[adning id="32271"]
ഈ വർഷം 3583 സ്കൂളുകളിൽനിന്നുള്ള 2,00,214 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ 1,18,066 പേർ (58.97 ശതമാനം) മാത്രമാണ് വിജയിച്ചത്.
[adning id="32226"]
ഓരോ ജില്ലകളിലെയും കുറഞ്ഞ വിജയ നിരക്കിന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡി.ഡി.പി.ഐ)മാരാണ് ഉത്തരവാദികളെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കാത്ത ജില്ലകളിലെ സർക്കാർ-എയ്ഡഡ് സ്കൂളുകൾ പരിശോധനക്ക് വിധേയമായിട്ടുണ്ട്. തുടർച്ചയായി മൂന്ന് വർഷത്തേക്ക് വിദ്യാർഥികളുടെ പ്രകടനം തൃപ്തികരമല്ലെങ്കിൽ പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള ശമ്പളവർധന തടഞ്ഞുവെക്കാൻ ഡിഡിപിഐക്ക് അധികാരമുണ്ട്.
[adning id="32254"]








