ആലപ്പുഴ:കുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുതെന്നും അറിവിന് അപ്പുറം വിദ്യാർത്ഥികളിൽ പരസ്പര സ്നേഹവും കരുതലും വളർത്തി എടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കും അധ്യാപകർക്കും ഉത്സവ സമാനമായ അന്തരീക്ഷം നമ്മുടെ പ്രവേശനോത്സവം നൽകുന്നു. എന്നാൽ ഇതിൽ നിന്ന് അപ്പുറം സ്കൂളുകളിൽ നിന്ന് കുട്ടികൾക്ക് വിവേകവും പരസ്പര സ്നേഹവും വളർത്തിയെടുക്കാൻ കഴിയണം. കഴിഞ്ഞ അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപായി ഈ വർഷത്തെ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞു. ക്ലാസ് മുറികൾ എല്ലാം മികച്ച രീതിയിൽ എത്തിക്കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാവിലെ 9ന് സ്കൂൾ കാവടത്തിൽ മന്ത്രി വി.ശിവൻകുട്ടി ഒന്നാം ക്ലാസ് കുട്ടികളെ സ്വാഗതം ചെയ്തു.
ഉദ്ഘാടന ചടങ്ങിന്റെ തത്സമയ വിഡിയോ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിച്ചു. ഇതിനു ശേഷം സ്കൂൾതല പ്രവേശനോത്സവം നടന്നു. വിവിധ ജില്ലകളിൽ മന്ത്രിമാരും കലക്ടർമാരും ജില്ലാതല പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ന് ഗവ.എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ 12,948 സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിലേക്കു കടക്കുകയാണ്.